രക്തസാക്ഷിത്വത്തിന് എൺപത്തിമൂന്നാണ്ട്
മിച്ചിലോട്ട് മാധവന് ജന്മനാട്ടിൽ സ്‌മാരകം ഉയരുന്നു

മിച്ചിലോട്ട് മാധവൻ
പി ദിനേശൻ
Published on Nov 06, 2025, 02:00 AM | 2 min read
മയ്യഴി
ഹിറ്റ്‌ലറുടെ തേർവാഴ്‌ചക്കാലത്ത് നാസി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ട ഏക ഇന്ത്യക്കാരന് 83 വർഷത്തിനുശേഷം ജന്മനാട്ടിൽ സ്‌മാരകം വരുന്നു. ഫ്രഞ്ച് കമ്യൂണിസ്‌റ്റ്‌പാർടി അംഗമായിരുന്ന മയ്യഴി സ്വദേശി മിച്ചിലോട്ട് മാധവന്റെ സ്‌മരണയാണ് നാട് വീണ്ടെടുക്കുന്നത്. മിച്ചിലോട്ട് മാധവൻ സ്‌മാരക ലൈബ്രറി വെള്ളിയാഴ്‌ച വൈകിട്ട് 5.30ന് മാഹി കാപ്പിറ്റോൾ വെഡ്‌ഡിങ് സെന്ററിൽ നോവലിസ്‌റ്റ് എം മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. ജനങ്ങളിൽനിന്ന് പുസ്‌തകങ്ങൾ സംഭാവനയായി സമാഹരിച്ച് ചെറുകല്ലായി രക്തസാക്ഷി മന്ദിരത്തിലാണ് ലൈബ്രറി സജ്ജമാക്കിയത്. കേരളത്തിൽ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം സജീവമാകുന്നതിന് മുന്പ് ഫ്രാൻസിൽ നാസികൾക്കെതിരെ ചെങ്കൊടി ഉയർത്തി പടനയിച്ച വിപ്ലവകാരിയാണ് മിച്ചിലോട്ട് മാധവൻ. 1914 ജൂലൈ 7ന് ഫ്രഞ്ച് അധീന പ്രദേശമായ മയ്യഴിയിലായിരുന്നു ജനനം. മാഹിയിലെയും പുതുച്ചേരിയിലെയും വിദ്യാഭ്യാസത്തിനുശേഷം ഗണിതശാസ്‌ത്രത്തിൽ ഉപരിപഠനത്തിന് പാരീസിലെ സൊബർബൻ സർവകലാശാലയിലെത്തി. അവിടെ കമ്യൂണിസ്‌റ്റ് ആഭിമുഖ്യമുള്ള വിദ്യാർഥി സംഘടനയിൽ ചേർന്നു. പിന്നീട് ഫ്രഞ്ച് കമ്യൂണിസ്‌റ്റ് പാർടി അംഗമായി. ഹിറ്റ്‌ലറുടെ നാസിപ്പട ഫ്രാൻസിനെ പിടിച്ചടക്കിയ കാലമായിരുന്നു അത്. നാസികൾക്കെതിരെ ഫ്രാൻസിലെ കമ്യൂണിസ്‌റ്റുകാർക്കൊപ്പം പൊരുതിയ മിച്ചിലോട്ടിനെ 1942ൽ നാസിപ്പട അറസ്‌റ്റ് ചെയ്‌തു. മാധവന്റെ മുറിയിൽനിന്ന് ഫാസിസത്തിനെതിരായ ലഘുലേഖകൾ പിടിച്ചെടുത്തു. നാസികൾ ഒത്തുകൂടുന്ന സിനിമശാലയിലുണ്ടായ സ്‌ഫോടനക്കേസിൽ മാധവനെ ഉൾപ്പെടുത്തി. നാസി ക്രൂരതകൾക്ക് പേരുകേട്ട ഷേർമിദ് ജയിലിലും തടങ്കൽപാളയത്തിലും ഭീകര മർദനത്തിനിരയായി. ഫ്രാൻസിലെ റൊമേൻവീല് കോട്ടയിലെ തടങ്കൽപാളയത്തിൽനിന്ന് 1942 സെപ്‌തംബർ 21ന് പാരീസിലെ വിജനമായ വലേറിയൻ കുന്നിൻ ചെരുവിൽ കൊണ്ടുപോയാണ് വെടിവച്ചുകൊന്നത്. തോക്കിന് മുന്നിൽ നിൽക്കുന്പോഴും ഫ്രഞ്ച് ദേശീയഗാനമായ ലാ മാർസിയേസ് ആലപിച്ച ധീരനായിരുന്നു മാധവൻ. വെടിയേറ്റുവീഴുന്പോൾ 28 വയസായിരുന്നു പ്രായം. മാധവന്റെ കൂട്ടുകാരി ജിസൽ മോലെയും കൊടിയ പീഡനങ്ങളേറ്റ് രക്തസാക്ഷിയായി. മാഹി വിമോചന സമരസേനാനി മിച്ചിലോട്ട് ഭരതൻ സഹോദരനാണ്.
മിച്ചിലോട്ട് മാധവനെ വീണ്ടെടുക്കണം: എം മുകുന്ദൻ
ഞാൻ ജനിച്ച വർഷമാണ് മിച്ചിലോട്ട് മാധവൻ പാരീസിൽ വധിക്കപ്പെട്ടത്. എന്റെ വീട്ടിൽനിന്ന് അഞ്ചുമീറ്റർ നടന്നാൽ മതി മിച്ചിലോട്ട് ഭവനത്തിലെത്താൻ. അതിന് മുന്നിലൂടെ നടക്കുമ്പോഴെല്ലാം മാധവനെ ഓർക്കും. അദ്ദേഹത്തെ വേണ്ടവിധം ചരിത്രത്തിൽ അടയാളപ്പെടുത്താൻ നമ്മുക്ക് കഴിഞ്ഞിട്ടില്ല. മയ്യഴിയെന്ന കൊച്ചുപ്രദേശത്ത് ജനിച്ച് ഫ്രാൻസിൽപോയി നാസി അധിനിവേശത്തെ പ്രതിരോധിച്ച് രക്തസാക്ഷിയായതാണ് മിച്ചിലോട്ട് മാധവൻ. മാധവന്റെ ഓർമ നിലനിർത്തുന്ന ഒന്നും മയ്യഴിയിലില്ല. മിച്ചിലോട്ട് മാധവനെ നമ്മുക്ക് മറവിയിൽനിന്ന് വീണ്ടെടുക്കണം.









0 comments