പെട്രോള്‍ പന്പില്‍ നിയന്ത്രണംവിട്ട കാറിടിച്ചു
സ്‌കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

തളാപ്പ് എൻകെബിടി പെട്രോൾ പമ്പിൽ നിയന്ത്രണംവിട്ട കാർ സ്‌കൂട്ടർ യാത്രികയെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
സ്വന്തം ലേഖകന്‍
Published on Sep 10, 2025, 02:30 AM | 1 min read
കണ്ണൂര്‍
പാന്പന്‍ മാധവന്‍ റോഡിലെ തളാപ്പ് എന്‍കെബിടി പെട്രോള്‍ പന്പിലേക്ക് ഇന്ധനം നിറയ്‌ക്കാനെത്തിയ ബെന്‍സ് കാര്‍ നിയന്ത്രണംതെറ്റി സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി റെജിന(36)യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇന്ധനം നിറക്കുന്ന മെഷീനിൽ ഇടിക്കാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. ചൊവ്വ വൈകിട്ട് 6.10നാണ് വ്യവസായിയായ പള്ളിക്കുന്നിലെ മോഹനകൃഷ്ണന്‍ ഓടിച്ച കാറിന്റെ നിയന്ത്രണംതെറ്റി അപകടമുണ്ടായത്. പൊലീസ് മൈതാനം ഭാഗത്തുനിന്നുവന്ന കാര്‍ വേഗത കുറച്ച് പന്പിലേക്ക് പ്രവേശിച്ചശേഷം വേഗത പെട്ടെന്ന് കൂടുകയായിരുന്നു. യുവതിയെ ഇടിച്ചുതെറിപ്പിച്ചശേഷം എതിർവശത്തെ ഓട്ടോയിലും മറ്റൊരു കാറിലും ഇടിച്ചാണ് കാർ നിന്നത്. പെട്രോള്‍ പന്പിലെ ഇന്ധനം നിറക്കുന്ന നോസില്‍ കാർ തട്ടി ഇളകിവീണു. കാറിടിച്ച് ചെക്കിക്കുളം സ്വദേശിയായ ഗണേശന്റെ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നു. ഗണേശന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ റെജിനയുടെ സ്കൂട്ടറിനും മറ്റൊരു കാറിനും ഇടിയുടെ ആഘാതത്തില്‍ കേടുപാടുണ്ട്. അപകടംകണ്ട് പേടിച്ച് മാറിയ പന്പ് ജീവനക്കാരന്‍ അഞ്ചാംപീടികയിലെ കെ അശോകന് കൈയ്യിലും പരിക്കേറ്റു. കണ്ണൂര്‍ ടൗണ്‍ പൊലീസും ട്രാഫിക്ക് പൊലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കി. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ അല്‍പ്പനേരം ഗതാഗതക്കുരുക്ക് ഉണ്ടായി. പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments