ഇന്ന് വായനാദിനം

കേൾക്കുന്നുണ്ട്‌ രാഗ 
ആ അക്ഷരവെളിച്ചം

രാഗ പൂവത്തൂർ, ലത പ്രദീപ് പുസ്തകം 
വായിച്ചുകൊടുക്കുന്നു
avatar
ബി കെ ഉല്ലാസ്‌

Published on Jun 19, 2025, 03:00 AM | 1 min read

കൂടാളി

വെളിച്ചം കെട്ടുപോയ സഹപാഠിക്ക്, സാഹിത്യകൃതികളുടെ മാധുര്യം ഫോണിലൂടെ പകർന്നുനൽകി കൂട്ടുകാരി. പതിയെ പതിയെ കാഴ്ച കുറയുന്ന അസുഖമുള്ള കുംഭം പൂവത്തൂരിലെ രാഗേഷ് എന്ന രാഗ പൂവത്തൂരിനാണ്‌ ഒപ്പം പഠിച്ച കൂട്ടുകാരി എളമ്പാറയിലെ ലത പ്രദീപ് അക്ഷരസ്നേഹം പകർന്നുനൽകുന്നത്‌. ഫോണിലൂടെ നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചുകൊടുത്തുകഴിഞ്ഞു. കണ്ടാൽ മിണ്ടാൻപോലും സമയമില്ലാത്തവർക്കിടയിൽ, ഈ കാഴ്‌ച വായന ദിനത്തെ സുന്ദരമാക്കുന്നു. എം ടിയുടെ അസുരവിത്ത്, രണ്ടാമൂഴം, പാതിരാവും പകൽവെളിച്ചവും, നാലുകെട്ട്, എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിൽ, കുട നന്നാക്കുന്ന ചോയി, ദൽഹി, ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺകുട്ടി, മഖൻ സിങ്ങിന്റെ മരണം, പൂച്ചകളുടെ വീട്, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ തുടങ്ങി സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിവരെ നൂറ്റമ്പതോളം പുസ്തകങ്ങൾ മൊബൈൽ ഫോൺ വഴി വായിച്ചുകൊടുത്തു. തൊഴിലുറപ്പ് മേറ്റായ ലത ഒഴിവ് ദിവസങ്ങളിലാണ് പുസ്തകങ്ങൾ വായിച്ചുകേൾപ്പിക്കുന്നത്‌. ചില ദിവസങ്ങളിൽ മൂന്നുമണിക്കൂർവരെ തുടർച്ചയായി വായിക്കും. കവികൂടിയായ ലത നിരവധി കവിതകളും ലളിതഗാനങ്ങളും രചിച്ചിട്ടുണ്ട്. ആകാശവാണിയിൽ ലളിതഗാനം പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ കീഴല്ലൂർ വില്ലേജ് കമ്മിറ്റി അംഗവും സിപിഐ എം എളമ്പാറ ബ്രാഞ്ചംഗവുമാണ്. പതിനെട്ടുവയസുവരെ കാഴ്ചശക്തിയുണ്ടായിരുന്ന രാഗ പൂവത്തൂര് നിരവധി ലളിതഗാനങ്ങളുടെ രചയിതാവാണ്. നാല് ആൽബവും നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home