കുറുമ്പക്കലിലുണ്ട് വ്ളാത്താങ്കര
ചെഞ്ചീരപ്പാടം

ജയപ്രകാശും കൃഷി അസിസ്‌റ്റന്റ് സന്തോഷ് കുമാറും ചീരത്തോട്ടത്തിൽ

രാഗേഷ് കായലൂർ
Published on Mar 18, 2025, 03:00 AM | 1 min read
കണ്ണൂർ
മാങ്ങാട്ടിടം കുറുമ്പക്കൽ വയലിലെ വ്ളാത്താങ്കര ചെഞ്ചീരപ്പാടം നയനമനോഹര കാഴ്‌ചയാണ്. ചുവപ്പിൽ മുങ്ങിയ പാടത്ത് നാലേക്കറിലാണ് രുചിയിൽ കേമനായ വ്ളാത്താങ്കരച്ചീര സമൃദ്ധമായി വളർന്നത്. കുറുമ്പക്കൽ സന്നിധാനത്തിൽ കെ ജയപ്രകാശാണ് ഒന്നാംവിള നെൽകൃഷിക്കുശേഷം ചെഞ്ചീര വിളയിക്കുന്നത്. വർഷങ്ങളായി ചീര കൃഷിയുണ്ടെങ്കിലും രണ്ട് വർഷം മുമ്പാണ് കീടബാധ കുറവുള്ളതും രുചികരവുമായ വ്ളാത്താങ്കര ചീരയിലേക്ക് തിരിഞ്ഞത്. തിരുവനന്തപുരത്തുനിന്ന് കിലോയ്‌ക്ക് 3,000 രൂപ വിലയുള്ള 18 കിലോ വിത്തെത്തിച്ചാണ് ഇക്കുറി കൃഷിയിറക്കിയത്. അടിവളമായി കോഴിവളവും നൽകി. 25 ദിവസംകൊണ്ട് വിളവെടുപ്പ് തുടങ്ങി. നാൽപ്പത് ക്വിന്റലിലധികം വിറ്റു. കിലോയ്‌ക്ക് 25 മുതൽ 30രൂപ വരെയാണ് വില . കൂത്തുപറമ്പ് മാർക്കറ്റിലും കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകളിലും ആഴ്‌ചച്ചന്തകളിലും പ്രാദേശികമായും നൽകുന്നു. ഈ മാസം മുഴുവൻ വിൽപ്പനയ്‌ക്കുള്ളത് വയലിലുണ്ട്. വർഷങ്ങളായി കാർഷിക മേഖലയിലുള്ള ജയപ്രകാശിന് കാർഷിക നഴ്‌സറിയുമുണ്ട്. കൂത്തുപറമ്പ് ബ്ലോക്ക് ഹൈടെക് നഴ്‌സറിയിലേക്ക് മുളക്, തക്കാളി, വഴുതിന, അഗസ്‌ത്യച്ചീര, മുരിങ്ങ തുടങ്ങിയ വിവിധയിനങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. കുടുംബാംഗങ്ങളും കൃഷിയിൽ സജീവം. ഭാര്യ ഷീബയും ഐടി മേഖലയിലുള്ള മകൻ ജിഷിനും ഇന്റീരിയർ ഡിസൈനറായ മകൾ ജോണിമയും സഹായികളായുണ്ട്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും പ്രോത്സാഹനത്തോടൊപ്പം ഉപദേശനിർദേശങ്ങളുമായി കൃഷി അസിസ്‌റ്റന്റ് സന്തോഷ് കുമാറും ഒപ്പമുണ്ട്.
0 comments