വിടവാങ്ങിയത് അതുല്യ ചിത്രകാരൻ

കെ കെ നാരായണൻ നമ്പ്യാർ മട്ടന്നൂർ ഹൈസ്കൂളിൽ വരച്ച ചിത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 11, 2025, 02:00 AM | 1 min read


പേരാവൂർ

അമ്പതുകളിൽ കേരളത്തിലെ എണ്ണപ്പെട്ട ചിത്രകാരനായിരുന്നു അന്തരിച്ച കെ കെ നാരായണൻ നമ്പ്യാർ. ചിത്രകാരന്മാരുടെ കേരളത്തിലെ ആദ്യ സംഘടനയായ കേരള ചിത്രകലാ പരിഷത്തിന്റെ രൂപീകരണ യോഗത്തിൽ പങ്കെടുത്ത, കണ്ണൂരിൽനിന്നുള്ള നാലുപേരിൽ ഒരാളായിരുന്നു. 1956ൽ പാലക്കാട് കുമരനെല്ലൂരിലാണ് യോഗം നടന്നത്. അക്കാലത്തെ അറിയപ്പെടുന്ന ചിത്രകാരനായ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന രൂപീകരണ യോഗത്തിൽ തലശേരി സ്കൂൾ ഓഫ് ആർട്സിൽ പഠിക്കുന്ന കാലത്താണ് നാരായണൻ നമ്പ്യാർ പങ്കെടുത്തത്. ഓയിൽപെയിന്റിങ്ങിൽ ആഗ്രകാമിയായിരുന്നു. ഈ രംഗത്ത് നിരവധി ശിഷ്യന്മാരുമുണ്ട്. മട്ടന്നൂർ ഹൈസ്കൂളിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. മദ്രാസ് ഗവൺമെന്റിന്റെ എംജിടിഇ പരീക്ഷ പാസായതിനാൽ പിന്നീട് കേന്ദ്രീയ വിദ്യാലയത്തിൽ ജോലികിട്ടി. ബംഗളൂരു, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായി. വിരമിച്ചശേഷം ചിത്രകാര ക്യാമ്പുകളിലും മറ്റും പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഏറെക്കാലമായി നിശബ്ദ ജീവിതമായിരുന്നു. അമ്പതുകൾക്കൊടുവിൽ മട്ടന്നൂർ ഹൈസ്‌കൂളിൽ വലിയ ക്യാൻവാസിൽ വരച്ച, ഗാന്ധിജി നെഹ്‌റുവിനോട്‌ സംസാരിക്കുന്ന ചിത്രം ഇന്നും ഒളിമങ്ങാതെയുണ്ട്. ഓയിൽപെയിന്റൊന്നും അത്ര പരിചിതമല്ലാത്ത കാലത്ത് സ്റ്റമ്പിങ് പൗഡർ ഉപയോഗിച്ച് വരച്ചതാണിത്. സ്കൂളുകളിലെ ചിത്രപഠന രംഗത്ത് ഇന്നുള്ള മാറ്റങ്ങൾക്ക് അദ്ദേഹത്തിന്റെ വലിയ സംഭാവനയുണ്ടെന്ന് ചിത്രകാരൻ കതിരൂരിലെ കെ എം ശിവകൃഷ്ണൻ പറഞ്ഞു. 1996ൽ കേരള ലളിതകലാ അക്കാദമിയിൽ നടന്ന ചിത്രകാര ക്യാമ്പിൽ നാരായണൻ നമ്പ്യാർ അവതരിപ്പിച്ച പ്രബന്ധം അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കൈമാറിയതും അതിൽ പറഞ്ഞ നിർദേശങ്ങൾ സ്കൂളുകളിൽ പ്രാവർത്തികമാക്കിയതും അന്ന് ക്യാമ്പിൽ പങ്കെടുത്ത കെ എം ശിവകൃഷ്ണൻ ഓർക്കുന്നു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയാണ്. പേരാവൂർ മുരിങ്ങോടി സൗഗന്ധികത്തിലായിരുന്നു താമസം. വീണ് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ചികിത്സയ്ക്കിടെയായിരുന്നു മരണം. മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. ചിത്രകലയുടെ വികാസത്തിനും വിദ്യാഭ്യാസമൂല്യങ്ങൾക്കും കെ കെ നാരായണൻ നമ്പ്യാരെപോലുള്ളവർ നടത്തിയ ഇടപെടലുകൾ നാട്ടിലെ കലാചരിത്രത്തിന്റെ തിളക്കമുള്ള ഏടുകളാണെന്ന്‌ ലളിതകലാ അക്കാദമി വൈസ്‌ ചെയർമാൻ എബി എൻ ജോസഫ് അനുസ്‌മരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home