കെട്ടിട നിർമാണ –വസ്‌തുനികുതി വെട്ടിപ്പിന് കോർപറേഷന്റെ ഒത്താശ

കണ്ണൂർ
കെട്ടിട നിർമാണ – വസ്‌തുനികുതി വെട്ടിപ്പിന് കണ്ണൂർ കോർപറേഷൻ അധികൃതർ കൂട്ടുനിൽക്കുന്നതായി സി ആൻഡ് എജി റിപ്പോർട്ട്. കോർപറേഷന് ലഭിക്കേണ്ട 1.66 കോടി രൂപയാണ് ഇതുമൂലം നഷ്ടമായതെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടമുടമകൾക്ക് ചട്ടം ലഘിച്ച് അനുമതി നൽകുന്നതുവഴി കോർപറേഷന് കോടികളുടെ നഷ്ടമുണ്ടായതായി കഴിഞ്ഞവർഷത്തെ പരിശോധനയിലും കണ്ടെത്തിയിരുന്നു. കെട്ടിട നിർമാണച്ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച മൊബൈൽ ടവറുകൾക്ക് നികുതിയീടാക്കാത്തതിലൂടെയും കോർപറേഷന് 1.41 കോടിയുടെ നഷ്ടമുണ്ടായി. 2024 ജനുവരി മുതൽ 2025 ഏപ്രിൽവരെയുള്ള കാലയളവിലെ നഷ്ടംമാത്രമാണിത്. അനധികൃത നിർമാണം നിർബാധം നേരത്തേ അനുമതി വാങ്ങിയ കെട്ടിടങ്ങളിൽ അനധികൃത നിർമാണം നടത്തിയത് പരിശോധിച്ച് നോട്ടീസ് നൽകുന്നതിലും അത് ക്രമവൽക്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിയമവിധേയമായി നടപ്പാക്കുന്നതിലുമാണ് കോർപറേഷൻ വീഴ്‌ച വരുത്തിയതായാണ് സി ആൻഡ് എജി കണ്ടെത്തിയത്. അനധികൃതമായി ചുമരുകൾ നിർമിച്ച് മുറികളാക്കിയ കെട്ടിടങ്ങളിൽനിന്നുപോലും നിയമപരമായ ഫീസ് ഇൗടാക്കിയിട്ടില്ല. നഗരത്തിലെ വൻകിട കെട്ടിടങ്ങളുടെ അനധികൃത നിർമാണം കണ്ടെത്തുന്നതിലാണ് പ്രധാനമായും വീഴ്‌ചയുണ്ടായത്. കോർപറേഷൻ ഭരണനേതൃത്വത്തിന്റെ അറിവോടെ കെട്ടിട നിർമാണങ്ങളിൽ വ്യാപകമായി നിയമലംഘനം നടക്കുന്നതായി നേരത്തേ പരാതിയുയർന്നിരുന്നു. നിയമം അനുശാസിക്കുന്ന രീതിയിൽ കാർ പാർക്കിങ്ങോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഒരുക്കാതെ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകുന്നതും വിവാദമായിരുന്നു. സിആൻഡ് എജി വിഭാഗത്തിന്റെ പരിശോധനയിലാണ് കെട്ടിടങ്ങളുടെ അനധികൃത നിർമാണം കോർപറേഷനിലെ ബന്ധപ്പെട്ട വിഭാഗംപോലും അറിഞ്ഞതെന്നത് ഗുരുതര വീഴ്‌ചയായാണ് വിലയിരുത്തുന്നത്. വാടക നൽകാതെയും ലൈസൻസ് പുതുക്കാതെയുമാണ് കോർപറേഷനിൽ വെട്ടിപ്പെന്നാണ് കഴിഞ്ഞ വർഷത്തെ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയത്. വാടകക്കരാർ കഴിഞ്ഞാലും വാടക വാങ്ങാതെ തുടരാൻ അനുവദിക്കുന്നതായും കണ്ടെത്തിയിരുന്നു. കോർപറേഷൻ കെട്ടിടങ്ങളിലെ വാടകക്കുടിശ്ശിക പിരിച്ചെടുക്കുന്നതിലും ഗുരുതര വീഴ്‌ച കണ്ടെത്തിയിട്ടുണ്ട്. കണക്കിലില്ലാതെ മൊബൈൽ ടവറുകൾ വിവിധ ടെലികമ്യൂണിക്കേഷൻ കന്പനികളുടെ മൊബൈൽ ടവറുകൾ നിർമിച്ചതിൽ ഗുരുതര ചട്ടലംഘനമാണ് പരിശോധനയിൽ കണ്ടെത്തിയത്. കണ്ണൂർ കോർപറേഷൻ പരിധിയിൽ നിലവിലുള്ള 217 മൊബൈൽ ടവറുകളിൽ 158 എണ്ണമേ രേഖകളിലുള്ളൂ. അനധികൃതമായി പ്രവർത്തിക്കുന്ന 59 ടവറുകളാണ് സിആൻഡ് എജിയുടെ പരിശോധനയിൽ കണ്ടെത്തിയത്. രേഖകളിലുള്ള 158 ൽ 29 ടവറുകളും അനധികൃതമായാണ് പ്രവർത്തിക്കുന്നത്. ടവറുകൾ സ്ഥാപിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാൻ അധികൃതരുടെ ഒത്താശയോടെയാണ് ഇവയൊക്കെയും നിർമിച്ചതെന്നും സംശയമുയരുന്നുണ്ട്.









0 comments