പാട്ടുവഴിയിലുമുണ്ട് ശ്രീധരന്റെ എൻജിനിയറിങ്

സുപ്രിയ സുധാകർ
Published on May 19, 2025, 02:30 AM | 1 min read
കണ്ണൂർ
സരോവരം പൂചൂടി.. എൻ സഖി നിന്നെപ്പോലെ.. ഓമൽസഖി നിന്നെപ്പോലെ.. എഴുപത്തെട്ടാം വയസിലും ശ്രുതിമാധുര്യത്തോടെ പാടുന്ന ഗായകനെ തേടുകയായിരുന്നു സമൂഹമാധ്യമം. കേട്ടവരെല്ലാം ഗായകനെ പ്രശംസിച്ച് കുറിപ്പിടുകയും ഷെയർ ചെയ്യുകയും ചെയ്‌തതോടെ വീഡിയോ ഒരു മില്യൺ ആളുകളിലേക്ക് എത്തി. വൈറലായ ഗായകൻ പള്ളിക്കുന്ന് രാമതെരു രശ്‌മിവീട്ടിൽ കെ പി ശ്രീധരൻ. കണ്ണൂരിലെ എല്ലാ വേദികളിലും പാട്ടുപാടി തകർക്കുന്ന ശ്രീധരൻ ലഹരിക്കെതിരെ കണ്ണൂർ സ്‌ക്വയർ സിങ്ങേഴ്‌സ് ആൻഡ് സ്‌നേഹതീരം സംഘടിപ്പിച്ച പാട്ടുലഹരിയിൽ പാടിയതാണ് വൈറലായത്. സംഗീതജ്ഞയായ അമ്മ കെ പി കമലാക്ഷിയമ്മയിൽനിന്നാണ് ശ്രീധരനും സംഗീതം പഠിച്ചത്. പിന്നീട് സംഗീതം പഠിക്കാനും പാടാനുമുള്ള ആഗ്രഹം ഒഴിവാക്കിയില്ല. സൂറത്‌കല്ലിലെ കർണാടക റീജണൽ എൻജിനിയറിങ് കോളേജ് (ഇപ്പോൾ എൻഐടി കർണാടക) 1969ൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബിരുദം നേടിയ ശ്രീധരൻ എൻജിനിയറിങ് മേഖലയിലേക്ക് തിരിഞ്ഞു. മുംബൈ ടാറ്റ ഓയിൽ മിൽസിലായിരുന്നു ആദ്യ ജോലി. 1975ൽ ഓയിൽ മിൽസിലെ നാല് സുഹൃത്തുക്കളുമായി ചേർന്ന് മാങ്ങാട്ടുപറമ്പിൽ ആദ്യ സിന്തറ്റിക് ഡിറ്റർജന്റ് ഉൽപ്പാദക കമ്പനി പ്രവർത്തനം ആരംഭിച്ചു. 75 തൊഴിലാളികൾ മൂന്ന് ഷിഫ്‌റ്റുകളിലായി ജോലി ചെയ്‌തിരുന്നു. 1986ൽ ടെൽസ്‌റ്റാർ കമ്മ്യൂണിക്കേഷൻ സിസ്‌റ്റം എന്ന പേരിൽ ചെറുകിട കമ്പനിയായി രജിസ്‌റ്റർ ചെയ്‌ത് ടെൽസ്‌റ്റാർ ടിവികൾ നിർമിച്ച് വിപണിയിലിറക്കി. കേരളത്തിൽ ഇരുപതിനായിരത്തോളം വീടുകളിൽ ടെൽ സ്‌റ്റാർ ടിവികളെത്തി. കേന്ദ്രസർക്കാർ നികുതി ഇരട്ടിയിലധികം വർധിപ്പിച്ചതോടെ കമ്പനി പൂട്ടി. തുടർന്ന് സൗദിയിൽ കാർപെറ്റ് നിർമാണ കമ്പനിയിൽ ജോലി ചെയ്‌തു. 14 വർഷം പ്രവാസിയായി. അവസരം കിട്ടുമ്പോഴൊക്കെ സംഗീത പഠനവും പാട്ടും തുടർന്നു. നാട്ടിലെത്തിയശേഷം മാലിന്യസംസ്‌കരണത്തിന് ആവശ്യമായ കെപി ക്ലീൻ ജൈവ ലിക്വിഡ് ഉൽപ്പാദിപ്പിച്ച് വിപണനം നടത്തുകയാണ്. ലളിതയാണ് പങ്കാളി. ഷാർജയിൽ അധ്യാപികയായിരുന്ന മകൾ രശ്‌മിയും ശ്രീധരന്റെ പാട്ടുവഴിയിലുണ്ട്. മകൻ രജിത്ത് എൽആൻഡ്ടി കമ്പനിയിലാണ്.









0 comments