വയലുകളിൽ വെള്ളക്കെട്ട്
ഒന്നാം വിളയിറക്കാനാകാതെ നെൽകർഷകർ

കാലവർഷം നേരത്തെ എത്തിയതിനാൽ വിത്ത് വിതയ്ക്കേണ്ട പാടം വെള്ളക്കെട്ടിൽ. നാറാത്ത് മീൻകുണ്ട് വയലിൽനിന്നുള്ള ദൃശ്യം
രാഗേഷ് കായലൂർ
Published on Jun 02, 2025, 02:30 AM | 1 min read
കണ്ണൂർ
നേരത്തെ എത്തിയ കാലവർഷവും അതിതീവ്ര മഴയും ജില്ലയിലെ നെൽകർഷകരുടെ പ്രതീക്ഷ തകർത്തു. ഏപ്രിൽ അവസാനം മുതൽ ഒക്ടോബർ വരെയുള്ള ഒന്നാംവിള (വിരിപ്പു സീസൺ)യെയാണ് കാലം തെറ്റി കനത്തുപെയ്‌ത മഴ പ്രതികൂലമായി ബാധിച്ചത്. പാടശേഖരങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ ഭൂരിഭാഗം പ്രദേശത്തും ഒന്നാംവിള അസാധ്യമായി. വിത്തിടേണ്ട മെയ് അവസാനം മഴ കനത്തതോടെ പൊടിവിതയടക്കം മുടങ്ങി. ചെളിയിൽ വിത്തിട്ടാൽ മുളപൊട്ടിയയുടൻ ചീഞ്ഞുനശിക്കുമെന്നതും കർഷകർക്ക് തിരിച്ചടിയായി. ഏപ്രിൽ അവസാനം ചിലയിടങ്ങളിലെ വയലുകളിൽ വിത്തിട്ടിരുന്നുവെങ്കിലും നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി നശിച്ചു. കാൽനൂറ്റാണ്ടിനിടെ ഇത്തൊരുമൊരു പ്രതിസന്ധിയുണ്ടായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. സാധാരണ ജൂലൈയിലാണ് വയലുകളിൽ ഉറവയുണ്ടാകുന്നത്. എന്നാൽ, മെയ് അവസാനം വയലുകളിൽ ഉറവയുണ്ടായി വെള്ളം പൊങ്ങി. മയ്യിൽ മേഖലയിൽ 500 ഏക്കറോളം വയലുകളിലെ ഒന്നാംവിള ഉപേക്ഷിക്കേണ്ടി വന്നു. നെല്ലിക്കപ്പാലം, പെരുമാച്ചേരി, ചെറുപഴശ്ശി, കുറ്റ്യാട്ടൂർ, നാറാത്ത്, കൊളച്ചേരി, ആന്തൂർ മേഖലകളിലും സമാന സ്ഥിതിയാണ്. നിലമുഴുതാൻ പലയിടത്തും ട്രാക്ടറുകളെത്തിച്ചെങ്കിലും വെള്ളക്കെട്ടായിമാറിയ വയലിൽ ഇറക്കാനായില്ല. മയ്യിൽ റൈസ് പ്രെഡ്യൂസേഴ്‌സിനും ഇത്തവണ ഒന്നാംവിള വിത്തിടാനായില്ല. തൊഴിലാളി ക്ഷാമവും ചെലവേറിവരുന്നതുമുൾപ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്‌ത് വയലുകൾ തരിശ്ശിടാതെ പരമ്പരാഗതമായി നെൽകൃഷിയിറക്കുന്നവർക്ക് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായത്.








0 comments