പുത്തനുണർവേകി കാർഷികമേഖലയിലും

റോബോട്ടിക് ഫാം ഉപകരണങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 09, 2025, 02:30 AM | 1 min read
കണ്ണൂർ
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ കൃഷിക്ക് പുത്തനുണർവ് നൽകി ജില്ലാ പഞ്ചായത്ത്. പ്രാദേശിക ഉൽപ്പാദനത്തിന് പ്രാധാന്യം നൽകി കർഷകർക്ക് സഹായകരമായ ഒട്ടേറെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്. നെൽകൃഷി വികസന പദ്ധതി മുഖേന ജില്ലയിലെ നെൽകർഷകർക്ക് 13.72 കോടി രൂപ ധനസഹായം നൽകി. 83.53 ലക്ഷം രൂപ വിനിയോഗിച്ച് കാർഷിക സ്വയംപര്യാപ്‌ത ഗ്രാമങ്ങൾ സൃഷ്‌ടിച്ചു. കൈപ്പാട് കൃഷിക്കായി 65.54 ലക്ഷവും പാടശേഖരങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 26.38 ലക്ഷവും പഞ്ചായത്തുകൾക്ക് അനുവദിച്ചു. തരിശുരഹിത ജില്ലാ പദ്ധതിയിലൂടെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി. ജില്ലാ പഞ്ചായത്തിനുകീഴിലെ നാല് ഫാമിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും 10.18 കോടി രൂപ അനുവദിച്ചു. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിക്ക് ധനസഹായം നൽകി. പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ സൃഷ്‌ടിച്ചു. നാട്ടുമാവിൻ തോട്ടം പദ്ധതിയിലൂടെ നാട്ടുമാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കി. കണ്ണൂർ ചില്ലീസ് പദ്ധതിവഴി മുളക്, കാന്താരി, കാപ്‌സിക്കം തുടങ്ങിയവ കൃഷിചെയ്‌തു. അധ്വാനഭാരം കുറച്ചു കാർഷിക മേഖലയിലെ അധ്വാനഭാരം ലഘൂകരിക്കാനായി യന്ത്രവൽക്കരണം നടപ്പാക്കിയപ്പോൾ സമയബന്ധിതമായ കൃഷി യാഥാർഥ്യമായി. കാർഷിക യന്ത്രവൽക്കരണം പദ്ധതിവഴി 71.44 ലക്ഷം രൂപയുടെ യന്ത്രങ്ങളാണ് ജില്ലാ പഞ്ചായത്ത് കർഷകർക്ക് വിതരണംചെയ്‌തത്. പദ്ധതിയുമായി ബന്ധപ്പെട്ട് സാങ്കേതിക മേഖലയിലെ വിദ്യാർഥികളുടെ കാർഷിക മേഖലയിലെ കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനം നൽകി. കർഷകർക്ക് കൃഷിയന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് പരിശീലനവും നൽകി.









0 comments