‘ആനന്ദഭൈരവി’യിൽ ഇൗണം നിലച്ചു

പി ദിനേശൻ
Published on Sep 21, 2025, 02:30 AM | 1 min read
തലശേരി
പടപ്പാട്ടിലൂടെ വിപ്ലവാവേശം പടർത്തിയ ഗായികയാണ് കാവുംഭാഗം ആനന്ദഭൈരവിയിൽ അന്തരിച്ച എം എൽ പൗളീന ടീച്ചർ. അറുപതുകളിൽ വിപ്ലഗാനങ്ങൾ പാടി തൊഴിലാളി വർഗത്തിന് ഉശിരുപകർന്ന ഗായിക. 1958ൽ അവിഭക്ത കമ്യൂണിസ്‌റ്റ് പാർടി കോഴിക്കോട് കടപ്പുറത്ത് സംസ്ഥാന സമ്മേളനവേദിയിൽ ‘കൊടികണ്ടോ ചെങ്കൊടി കണ്ടോ, കത്തിയെരിയും തീപ്പന്തം പോൽ...’ എന്ന ഗാനം കോഴിക്കോട് കടപ്പുറത്ത് ജനസഹസ്രങ്ങളെ സാക്ഷിയാക്കി ആലപിച്ച ഗായികയാണ് ചരിത്രമാകുന്നത്. കമ്യൂണിസ്‌റ്റ് പാർടിയുടെ സമ്മേളനവേദികളെ പാടിയുണർത്തിയ തലശേരിയിലെ എം എൽ ബ്രദേഴ്‌സ് ഗായക സംഘത്തിലെ അവസാന കണ്ണിയാണിവർ. എ കെ ജിയുടെയും ഇ എം എസിന്റെയും നിർദേശ പ്രകാരം 1956 ലാണ് തലശേരി കായ്യത്ത് റോഡിൽ എംഎൽ ബ്രദേഴ്‌സ് മ്യൂസിക് ട്രൂപ്പ് ആരംഭിച്ചത്. പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിച്ച ആ സംഗീതസംഘത്തിലെ അംഗങ്ങളായിരുന്നു ലോറൻസ്, സൈമൺ, പൗളീന സഹോദരങ്ങൾ. എരഞ്ഞോളി ഗ്രാമീണ കലാസമിതി നാടകങ്ങളുമായി കേരളമാകെ യാത്രചെയ്യുന്ന കാലത്ത് എംഎൽ ബ്രദേഴ്‌സും ഇൗ കലാസമിതിയുടെ ഭാഗമായി. പി അനന്തൻ രചിച്ച് പൗളീന ടീച്ചർ പാടിയ ‘‘അന്പിളി മാമന്റെ വെള്ളിത്തളികയിൽ തുന്പപ്പൂ കണ്ടോ ചങ്ങാതി..’’ എന്ന ഗാനം അക്കാലത്ത് ഹിറ്റായിരുന്നു. തലശേരി ഗുഡ്‌സ് ഷെഡ് റോഡിലായിരുന്നു പൗളീന ടീച്ചർ ആദ്യകാലത്ത് താമസിച്ചത്. പിന്നീട് എരഞ്ഞോളി ഇളയിടത്ത് മുക്കിലേക്കും അവിടെ നിന്ന് കാവുംഭാഗത്തെ ‘ആനന്ദഭെെരവി’യെന്ന വീട്ടിലേക്കും താമസം മാറി. സഹോദരങ്ങൾ നൽകിയ കരുത്താണ് മാമൂലുകൾ പൊട്ടിച്ചെറിഞ്ഞ് മുന്നോട്ടുപോകാൻ സഹായിച്ചതെന്ന് പൗളീന പറയുമായിരുന്നു.









0 comments