ഓണം കളറാക്കി സപ്ലൈകോ

കണ്ണൂർ ഓണം കളറാക്കാൻ സപ്ലൈകോ മുണ്ടും മടക്കിക്കുത്തി ഇറങ്ങിയപ്പോൾ കച്ചവടം ഹിറ്റ്. ജില്ലയിൽ ഏഴുദിവസത്തെ ഫെയറുകളിൽ മാത്രം 1.36 കോടിയുടെ വിൽപ്പന. കണ്ണൂർ പീപ്പിൾസ് ബസാറിൽ മാത്രം ഏഴുദിവസം 19.66 ലക്ഷത്തിന്റേതാണ് വിൽപ്പന. വ്യാഴാഴ്‌ച വരെയാണ് സപ്ലൈകോയുടെ ഓണം ഫെയറുകൾ. കണ്ണൂരിൽ ജില്ലാതലത്തിലും നിയമസഭാ മണ്ഡലങ്ങളിലുമാണ് 26 മുതൽ ഓണം ഫെയറുകൾ പ്രവർത്തിച്ചത്. രണ്ട് മൊബൈൽ ഓണം ഫെയറുകളും ജില്ലയിലെങ്ങുമെത്തി. കണ്ണൂലെ ജില്ലാ ഫെയറിലും 11 നിയമസഭാ മണ്ഡലങ്ങളിലെ ഫെയറുകളിലും രണ്ട് മൊബൈൽ ഫെയറിലുമായി 1,36,33,235 രൂപയുടെ വിൽപ്പനയാണ് നടന്നത്. ജില്ലാതല ഫെയറിൽ ഏഴു ദിവസത്തിനുള്ളിൽ 36.47 ലക്ഷത്തിന്റെ വിൽപ്പന നടന്നു. തളിപ്പറന്പ്, തലശേരി ഫെയറുകളിൽ 13 ലക്ഷത്തിനുമുകളിലാണ് വിൽപ്പന. കൂത്തുപറന്പിൽ 12 ലക്ഷത്തിനുമുകളിലും പയ്യന്നൂരിൽ 10 ലക്ഷത്തിനുമുകളിലും വിൽപ്പന നടന്നു. പേരാവൂർ (9.15 ലക്ഷം), മട്ടന്നൂർ(8.83), ചക്കരക്കൽ(8.92), ശ്രീകണ്ഠപുരം(8.78), ചെറുകുന്ന്(6.07), അഴീക്കോട്( 3.76) എന്നിങ്ങനെയാണ് വിൽപ്പന. രണ്ടു മൊബൈൽ ഫെയറുകളിലുമായി നാലുലക്ഷത്തിനുമുകളിലാണ് വിൽപ്പന. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡിയിതര സാധനങ്ങൾ മിതമായ നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ എംആർപി വിലയിൽനിന്ന് അഞ്ചു മുതൽ 50 ശതമാനം വിലക്കുറവിലുമാണ് സപ്ലൈകോ ഓണം ഫെയറിൽ ലഭ്യമാക്കിയത്. ശബരി സബ്‌സിഡി വെളിച്ചെണ്ണ ഒരുലിറ്റർ 339 രൂപക്കാണ് നൽകിയത്. ചെറുപയർ, ഉഴുന്ന് എന്നിവ കിലോയ്‌ക്ക് 90 രൂപയ്ക്കും പഞ്ചസാര 34.94 രൂപയ്ക്കും ജയ, കുറുവ, മാവേലി മട്ട അരി 33 രൂപ നിരക്കിലും ലഭ്യമാക്കി. പ്രമുഖ ബ്രാൻഡുകളുടെ 288 നിത്യോപയോഗ സാധനങ്ങൾ പ്രത്യേക ഓഫറുകളിലും 10 മുതൽ 50 ശതമാനംവരെ വിലക്കുറവിലും നൽകി. സപ്ലൈകോയുടെ കിറ്റുകളും ഒരുക്കിയിരുന്നു.









0 comments