ഒരിടത്ത് കോലീബി, മറ്റൊരിടത്ത് ജമാ അത്തെ ഇസ്ലാമി
ഡബിൾ ഗെയിമുമായി യുഡിഎഫ്


സ്വന്തം ലേഖകൻ
Published on Nov 26, 2025, 02:45 AM | 1 min read
കണ്ണൂർ
ബിജെപി സ്ഥാനാർഥിയില്ലാത്ത സ്ഥലത്ത് അവരുടെ വോട്ട് വാങ്ങും, പകരം ബിജെപിക്ക് കൂടുതൽ വോട്ടുള്ള സ്ഥലത്ത് എൽഡിഎഫിനെ തോൽപ്പിക്കാനുള്ള കോലീബി തന്ത്രങ്ങൾ ആവിഷ്‌കരിച്ച് യുഡിഎഫ്. ജമാഅത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള ഇടങ്ങളിൽ ഒരു വാർഡ് വിട്ടുനൽകും, ബാക്കിയെല്ലായിടത്തും അവരുടെ പിന്തുണ ഉറപ്പാക്കി ഡബിൾ ഗെയിം പയറ്റുകയാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ലീഗും. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധമാണെങ്കിൽ ജമാ അത്തെ ഇസ്ലാമിയുടെ പാർടിയായ വെൽഫെയറുമായി പരസ്യമായ ബാന്ധവത്തിലാണ് യുഡിഎഫ്. ജില്ലയിൽ ഇത്തവണ 350 തദ്ദേശ സീറ്റിലാണ് ബിജെപിക്ക് സ്ഥാനാർഥിയില്ലാത്തത്. അവിടങ്ങളിൽ എൽഡിഫിനെ തോൽപ്പിക്കാൻ ബിജെപി, യുഡിഎഫിന് വോട്ടുചെയ്യും. നേരിട്ട്, യുഡിഎഫ്– ബിജെപി ബാന്ധവമുണ്ടാക്കിയാൽ വാർത്തയാകുമെന്നതിനാൽ പൊതുസ്വതന്ത്രനെ ഇറക്കിയാണ് കോലീബിക്കളി. ഇൗ സ്വതന്ത്രൻ ചിലപ്പോൾ യുഡിഎഫുകാരനോ ബിജെപിക്കാരനോ ആകും. നേരിട്ട് അക്കാര്യം പറഞ്ഞാൽ കാര്യം നടപ്പില്ലെന്ന് കണ്ടാണ് ഇൗ സ്വതന്ത്രക്കളി. മാടായി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലാണ് യുഡിഎഫും ജമാ അത്തെ ഇസ്ലാമിയുടെ പാർടിയായ വെൽഫെയർ പാർടിയുമായി പരസ്യ സഖ്യത്തിലുള്ളത്. മാടായി 18–ാം വാർഡിൽ യുഡിഎഫ് പിന്തുണക്കുന്ന വെൽഫെയർ പാർടി സ്ഥാനാർഥിയായി എസ് വി പി സക്കീനയാണ് മത്സരിക്കുന്നത്. മറ്റുളള വാർഡുകളിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ യുഡിഎഫിന് കൊടുക്കും എന്ന ധാരണയിലാണിത്. യുഡിഎഫ് പിന്തുണയുള്ള വെൽഫെയർ പാർടി എന്ന നിലയിലാണ് പ്രചാരണ പോസ്റ്ററുകൾ പോലും തയ്യാറാക്കിയത്. കഴിഞ്ഞ തവണയും യുഡിഎഫ് പിന്തുണയോടെ വെൽഫെയർ പാർടി അംഗം ജയിച്ചിരുന്നു. മുഴപ്പിലങ്ങാട്ട് മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധമാണ്. ഒരു സീറ്റ് വെൽഫെയർ പാർടിക്ക് നൽകി ലീഗ് മാറിനിന്നു. നാലുസീറ്റിൽ സ്ഥാനാർഥികളെ നിർത്താതെയാണ് ലീഗിനെ എസ്‌ഡിപിഐ സഹായിക്കുന്നത്. നിലവിൽ നാലുവാർഡുകൾ കൈയിലുള്ള എസ്‌ഡിപിഐ പരസ്‌പര സഹായത്തിന്റെ ഭാഗമായാണ് നാലു സീറ്റിൽ സ്ഥാനാർഥികളെ നിർത്താത്തത്. 14ാം വാർഡായ സുരഭിയിൽ വെൽഫെയർ പാർടി സ്ഥാനാർഥി പി പി സാജിദ മത്സരിക്കുന്നു. ലീഗിന്റെ സീറ്റാണിത്. കണ്ണൻ വയൽ, തെക്കെ കുന്നുമ്പ്രം, മുല്ലപ്രം, കെട്ടിനകം വാർഡുകളിലാണ് എസ്ഡിപിഐ മത്സരിക്കാതെ ലീഗിനെ സഹായിക്കുന്നത്.








0 comments