ഹൈക്കോടതി കേസ് വീണ്ടും മാറ്റി
ആനമതിൽ വൈകും

ഇരിട്ടി
ഹൈക്കോടതിയുടെ പരിഗണനയിലുള്ള ആറളം ആനമതിൽ നിർമാണം സംബന്ധിച്ച ഹർജിയിൽ അന്തിമ തീരുമാനമായില്ല. കേസ് വീണ്ടും മാറ്റിയതോടെ മതിൽ നിർമാണം പ്രതിസന്ധിയിലായി. കാലാവധിക്കകം മതിൽ നിർമാണം പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ നേരത്തെ സർക്കാർ നീക്കിയിരുന്നു. തുടർന്ന് ഇയാൾ ഹൈക്കോടതിയിൽ പരാതി നൽകി. അടുത്ത വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാനായി കോടതി പരാതി മാറ്റിവച്ചു. നിരവധി തവണ കാലാവധി നീട്ടിനൽകിയിട്ടും നിർമാണം പകുതി പോലുമാകാത്തതിനാലാണ് സർക്കാർ കരാറുകാരനെ ഒഴിവാക്കിയത്. പൊതുമരാമത്ത് പുതിയ ടെൻഡർ നടപടികളും തുടങ്ങി. കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആദിവാസി മേഖലക്കും ആറളം ഫാമിനും സുരക്ഷയൊരുക്കാനുദ്ദേശിച്ച് സർക്കാർ തുടങ്ങിവച്ച മതിൽ നിർമാണം വീണ്ടും നീളുകയാണ്. റീ ടെൻഡർ നടപടി കോടതി തടസ്സപ്പെടുത്തിയില്ല. എന്നാൽ, പുതിയ കരാറുകാരനെ പ്രവൃത്തി ഏൽപ്പിക്കുന്നത് കോടതിയുടെ അന്തിമാനുമതിയോടെ വേണമെന്ന് ഉത്തരവിട്ടു. മാറ്റിവയ്ക്കുന്നത് രണ്ടാം തവണ ആനമതിലിന്റെ അവശേഷിക്കുന്ന ആറുകിലോമീറ്റർ നിർമിക്കാൻ 29 കോടി രൂപയുടെ ടെൻഡർ നടപടി പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പ് കോടതി അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അടുത്ത വെള്ളിയാഴ്ചത്തെ കോടതി നടപടിയിലാണ് മതിൽ നിർമാണ തുടർച്ചയ്ക്ക് ഉറപ്പ് ലഭിക്കേണ്ടത്. കഴിഞ്ഞ മാസം 21ന് കരാർ തുറന്നെങ്കിലും ലേലം ഉറപ്പിച്ചില്ല. 9.899 കിലോമീറ്റർ മതിലിൽ 3.9 കിലോമീറ്ററാണ് പൂർത്തിയായത്. അവശേഷിച്ച ഭാഗത്തിന് എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് റീടെൻഡർ വിളിച്ചത്. നാലുപേർ പങ്കെടുത്തു. ഇതിൽ ഏറ്റവും കുറഞ്ഞ വാഗ്ദാനം (8 ശതമാനം കുറവിൽ) നൽകിയ ഹിൽട്രാക് കൺസ്ട്രക്ഷനാണ് കരാർ ലഭിക്കേണ്ടത്. കോടതി അനുവദിച്ചാൽ നടപടികൾ പൂർത്തിയാക്കാനാകും.









0 comments