ചേലോറ മാലിന്യനീക്കത്തിലെ വെട്ടിപ്പ്
1.77 കോടി തിരിച്ചുപിടിക്കാൻ കോർപ്പറേഷന് താൽപ്പര്യമില്ല

എൻ കെ സുജിലേഷ്
Published on Jul 14, 2025, 03:00 AM | 2 min read
കണ്ണൂർ
ചേലോറയിലെ മാലിന്യനീക്കത്തിന് കരാറെടുത്ത കമ്പനിക്ക് ക്രമവിരുദ്ധമായി കണ്ണൂർ കോർപ്പറേഷൻ നൽകിയ 1.77 കോടി രൂപ തിരിച്ചുപിടിക്കാനുള്ള നടപടികൾ ഇഴയുന്നു. മാലിന്യനീക്കത്തിന്റെ മറവിൽ നടന്ന വൻ വെട്ടിപ്പ് പുറത്തുവന്നതോടെയാണ് കമ്പനികളുമായുള്ള കരാർ റദ്ദാക്കിയത്. ഏപ്രിൽ ഏഴിന് കരാർ റദ്ദാക്കാൻ കൗൺസിൽ തീരുമാനമെടുത്തെങ്കിലും മൂന്ന് മാസം കഴിഞ്ഞിട്ടും തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. ജന ആധാർ സേവ, റോയൽ വെസ്‌റ്റേൺ പ്രൊജക്ടസ്, മഹീന്ദ്രാ അസോസിയറ്റ്‌സ് എന്നീ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ് 1.23 ലക്ഷം ക്യൂബിക് മീറ്റർ ഖരമാലിന്യം ബയോമൈനിങ്ങിലൂടെ നീക്കം ചെയ്യാൻ കോർപ്പറേഷൻ ടെൻഡർ നൽകിയത്. വ്യവസ്ഥകൾ പാലിച്ചല്ല കരാർ നൽകിയതെന്നും മാലിന്യനീക്കത്തിന്റെ മറവിൽ 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായും ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയതോടെ കോർപ്പറേഷൻ പ്രതിക്കൂട്ടിലായി. കമ്പനികൾക്ക് പ്രവൃത്തി പൂർത്തിയാക്കാൻ സമയം നീട്ടിനൽകിയെങ്കിലും നടക്കില്ലെന്നുറപ്പായതോടെ കരാർ റദ്ദാക്കുകയായിരുന്നു. അധികമായി നൽകിയ തുക കരാർ കമ്പനിയിൽനിന്ന് തിരിച്ചുപിടിക്കാനും കമ്പനിയുടെ യന്ത്രസാമഗ്രികൾ ഏറ്റെടുക്കാനുമായിരുന്നു കൗൺസിൽ തീരുമാനം. തീരുമാനമെടുത്ത് മൂന്നുമാസം കഴിഞ്ഞിട്ടും മാലിന്യം അളന്നു തിട്ടപ്പെടുത്താൻ പയ്യന്നൂരിലെ എൻജിനിയറിങ് കോളേജിന് കത്ത് നൽകിയതല്ലാതെ ഒരു നടപടിയും നീങ്ങിയിട്ടില്ല. 73,502 ക്യൂബിക് മീറ്റർ മാലിന്യം നീക്കിയതായി കണക്കുണ്ടാക്കിയാണ് 2.63 കോടി രൂപ കമ്പനികൾക്ക് കണ്ണൂർ കോർപ്പറേഷൻ കൈമാറിയത്. കോഴിക്കോട് എൻഐടി നടത്തിയ പരിശോധനയിൽ 24,042 ക്യൂബിക് മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന് കണ്ടെത്തി. 49,460 ക്യൂബിക് മീറ്റർ മാലിന്യം നീക്കിയതായി കള്ളക്കണക്കുണ്ടാക്കി 1.77 കോടി രൂപയാണ് കമ്പനികൾക്ക് അനധികൃതമായി നൽകിയത്. കൃത്യമായ അളവുപ്രകാരം കോർപ്പറേഷൻ നൽകേണ്ടിയിരുന്നത് 86.07 ലക്ഷം രൂപ മാത്രമാണെന്നും എജി കണ്ടെത്തി. എജി റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായ കോർപ്പറേഷനിലെ യുഡിഎഫ് ഭരണനേതൃത്വം കരാർ നീട്ടിനൽകാനുള്ള കരുക്കൾ നീക്കി. വെട്ടിപ്പിൽനിന്ന് രക്ഷപ്പെടാനുള്ള നീക്കമായിരുന്നു ഇത്. ഫെബ്രുവരി 28ന് ചേർന്ന കൗൺസിൽ യോഗമാണ് റോയൽ വെസ്‌റ്റേൺ പ്രൊജക്ടിന് കരാർ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചത്. എൽഡിഎഫ് കൗൺസിലർമാരുടെ എതിർപ്പ് വകവയ്‌ക്കാതെയായിരുന്നു തീരുമാനം. അഡീഷണൽ പെർഫോമൻസ് ഗ്യാരണ്ടിയായി 3.73 കോടി രൂപ അടയ്‌ക്കാനും മെയ് 31 നുള്ളിൽ മാലിന്യനീക്കം പൂർത്തിയാക്കി കോർപറേഷന് സ്ഥലം കൈമാറാനുമായിരുന്നു നിർദേശം. കരാർ നീട്ടിനൽകിയതിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫിൽനിന്നുതന്നെ ചർച്ചയുയരുകയും എൽഡിഎഫ് ആരംഭിച്ച ബഹുജന പ്രക്ഷോഭം ശക്തിയാർജിക്കുകയും ചെയ്തതോടെയാണ് കരാർ റദ്ദാക്കിയത്. പ്രവൃത്തി ഈ കമ്പനിയെക്കൊണ്ട് ചെയ്യിച്ച് അനധികൃതമായി നൽകിയ തുക തിരിച്ചുപിടിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ ന്യായവാദം. അഡീഷണൽ പെർഫോമൻസ് ഗ്യാരണ്ടിയായി അടക്കേണ്ട 3.73 കോടി കമ്പനികൾക്ക് ഒഴിവാക്കി നൽകിയതിലും ക്രമക്കേടുള്ളതായി എജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കരാർ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയാണ് അഡീഷണൽ പെർഫോമൻസ് ഗ്യാരണ്ടി ഒഴിവാക്കിയതിലൂടെ കോർപ്പറേഷൻ ഭരണസമിതി ഇല്ലാതാക്കിയത്.









0 comments