ആദ്യ കമ്യൂണിസ്‌റ്റ് വിജയത്തിന് സപ്‌തതിത്തിളക്കം

പി ദിനേശൻ
Published on Nov 09, 2025, 02:30 AM | 2 min read
തലശേരി
തലശേരി നഗരസഭയിൽ ആദ്യ കമ്യൂണിസ്‌റ്റ് കൗൺസിലർ തെരഞ്ഞെടുക്കപ്പെട്ടിട്ട് 70 വർഷം. ശക്തമായ മത്സരത്തിൽ ഗോപാലപ്പേട്ട വാർഡിലാണ് കമ്യൂണിസ്‌റ്റ്–ട്രേഡ് യൂണിയൻ നേതാവ് പി വിജയൻ ചെങ്കൊടി പാറിച്ചത്. 1955 ഒക്‌ടോബർ 29നാണ് അദ്ദേഹം കൗൺസിലറായത്. കോൺഗ്രസും മുസ്ലിംലീഗും ആധിപത്യം പുലർത്തിയ നഗരസഭയിൽ ബീഡിത്തൊഴിലാളിയായ ഒരു കമ്യൂണിസ്‌റ്റുകാരന്റെ വിജയം രാഷ്‌ട്രീയ എതിരാളികളെ മുഴുവൻ ഞെട്ടിച്ചു. തലശേരിയിലെ ഇടത് മുന്നേറ്റത്തിന് അടിത്തറ പാകുന്നതായിരുന്നു പി വിജയന്റെ വിജയം. ബീഡിത്തൊഴിലാളിയും യൂണിയൻ സെക്രട്ടറിയുമായിരുന്നു പി വിജയൻ. നഗരസഭാ തെരഞ്ഞെടുപ്പിൽ പിന്നീടും പലതവണ പി വിജയൻ വിജയിച്ചു. കമ്യൂണിസ്‌റ്റ് പാർടിയിലെ പിളർപ്പിൽ സിപിഐ എമ്മിനൊപ്പംനിന്ന പി വിജയൻ എണ്ണമറ്റ തൊഴിലാളി സമരങ്ങൾക്ക് നേതൃത്വംനൽകി. തലശേരി ബീഡിത്തൊഴിലാളി യൂണിയൻ സെക്രട്ടറി, ജില്ലാ ടുബാക്കോ ട്രേഡ് ഗ്രൂപ്പ് പ്രസിഡന്റ്, സിഐടിയു ജില്ലാ പ്രസിഡന്റ്, സിപിഐ എം ജില്ലകമ്മിറ്റി അംഗം തുടങ്ങിയ ചുമതലകളിലും ദീർഘകാലം പ്രവർത്തിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ തലശേരിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്ത് ഭീകര ലാത്തിച്ചാർജിനിരയായി. അഡ്വ. എ വി കെ നായർ പ്രഥമ ഇടതുപക്ഷ ചെയർമാൻ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കോൺഗ്രസും മുസ്ലിംലീഗും ഭരിച്ച നഗരസഭയുടെ ഭരണസാരഥ്യത്തിലേക്കും പിൽകാലത്ത് ഇടതുപക്ഷം വളർന്നു. പി വിജയൻ കൗൺസിലറായ ആദ്യ നഗരസഭയിൽ ചെയർമാനായത് കമ്യൂണിസ്‌റ്റായ അഡ്വ. എ വി കെ നായർ ആയിരുന്നുവെങ്കിലും സ്വതന്ത്രനായാണ് ജയിച്ചത്. 1955 നവംബർ 17ന് ചെയർമാനായി ചുമതലയേറ്റ എ വി കെ നായർ 1958 ഒക്ടോബർ 16വരെ തുടർന്നു. 1962–68 കാലത്തും എ വി കെ നായർ ചെയർമാനായി. 1955ന് ശേഷമുള്ള ഓരോ തെരഞ്ഞെടുപ്പിലും കമ്യൂണിസ്‌റ്റ്‌പാർടി സ്വാധീനം നഗരസഭയിൽ വർധിച്ചു. പ്രമുഖ സഹകാരി ഇ നാരായണനും അഡ്വ. ഒ വി അബ്ദുള്ളയും അഡ്വ. കെ ഗോപാലകൃഷ്‌ണനുമടക്കമുള്ളവർ പിൽകാലത്ത് ഇടതുപക്ഷത്തുനിന്ന് നഗരസഭാ ചെയർമാന്മാരായി. 1995 മുതൽ തുടർച്ചയായി എൽഡിഎഫ് ഭരണമാണ് തലശേരിയിൽ. ഓരോ തെരഞ്ഞെടുപ്പിലും സീറ്റുകളുടെ എണ്ണം വർധിക്കുകയും ജനസ്വാധീനം വിപുലപ്പെടുകയുംചെയ്‌തു. ആദ്യ കമ്യൂണിസ്‌റ്റ് വിജയത്തിന്റെ സപ്‌തതിവർഷത്തിലാണ് വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്നത്. 1866 നവംബർ ഒന്നിന് നിലവിൽ വന്ന കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നാണ് തലശേരി.









0 comments