കണ്ണൂര്‍ നഗരത്തില്‍ വീണ്ടും തെരുവുനായയുടെ പരാക്രമം
4പേര്‍ക്ക് കടിയേറ്റു

കണ്ണൂർ
കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായയുടെ പരാക്രമം. കാൽടെക്സ്, പഴയ ബസ്‌സ്‌റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽനിന്നായി നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് തിക്കോടിയിലെ അജ്മലി(35)ന് ട്രെയിനിറങ്ങി റെയിൽവേ സ്റ്റേഷന് പുറത്തെത്തിയപ്പോഴാണ് തെരുവുനായയുടെ കടിയേറ്റത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് തമിഴ്നാട് സ്വദേശി കമല കണ്ണൻ ( 33 ),പഴയ ബസ് സ്റ്റാൻഡിൽനിന്ന് പാറക്കണ്ടി ഭാഗത്തേക്ക് നടന്നുപോകുകയായിരുന്ന മാവിലായിയിലെ രമേശൻ (48), കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് കീച്ചേരിയിലെ പ്രകാശൻ (58) എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മെയ് 31ന് പയ്യാമ്പലത്തെ വീടിനുമുന്നിൽനിന്ന് തെരുവുനായ കടിച്ച തമിഴ്നാട് സേലം സ്വദേശികളുടെ മകൻ ഹരിത്തിന് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 28നാണ് ഹരിത്ത് മരിച്ചത്. തെരുവുനായ കാരണം കൊച്ചുകുട്ടിയുടെ ജീവൻ നഷ്ടമായിട്ടും പ്രശ്നപരിഹാരത്തിന് കോർപ്പറേഷൻ കാര്യക്ഷമമായി ഇടപെടാത്തതിൽ വൻ ജനരോഷം ഉയർന്നിരുന്നു. തിങ്കളാഴ്ച ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിലും തെരുവുനായ ശല്യം രൂക്ഷമാകുന്നതിനെതിരെ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം ഉയർത്തിയിരുന്നു. ജൂൺ 17, 18 തീയതികളിൽ എഴുപതോളം പേരെയാണ് കണ്ണൂർ നഗരത്തിൽ തെരുവുനായകൾ കടിച്ചുകീറിയത്. പയ്യാമ്പലം, തളാപ്പ്, കണ്ണൂർ സിറ്റി, യോഗശാല റോഡ്, പാറക്കണ്ടി, താളിക്കാവ്, എസ്എൻ പാർക്ക്, പഴയ ബസ്‌സ്റ്റാൻഡ്, താവക്കര, തയ്യിൽ, താണ, പടന്നപ്പാലം, മഞ്ചപ്പാലം ജില്ലാ ആശുപത്രി പരിസരം, സിറ്റി, ആയിക്കര, തയ്യിൽ ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.









0 comments