ഇവിടെ ഉദിച്ചുയർന്നു യുവശക്തി

എൻ കെ സുജിലേഷ്
Published on Oct 14, 2025, 02:30 AM | 2 min read
കണ്ണൂർ
കണ്ണൂരിൽ പിറന്ന് കേരളമാകെ പടർന്ന ചരിത്രമാണ് കേരള സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷ (കെഎസ്‌വൈഎഫ്)ന്റേത്. പിന്നീട് രാജ്യമാകെ വളർന്ന, യുവതയുടെ പോരാട്ടവീര്യമായി മാറിയ ഡിവൈഎഫ്‌ഐയുടെ രൂപീകരണത്തിലേക്ക് നയിച്ചതും ഇൗ സംഘടനയുടെ അടിത്തറയായിരുന്നു. കണ്ണൂർ ജില്ലാ സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷൻ രൂപീകരിക്കുന്നതു സംബന്ധിച്ച് തീരുമാനിച്ചത് സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിലാണ്. 1967ൽ പാപ്പിനിശേരിയിൽ നടന്ന വിപുലമായ യോഗത്തിലാണ് കണ്ണൂർ ജില്ലാ സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷൻ രൂപംകൊണ്ടത്. കരിവെള്ളൂരിൽ രൂപംകൊണ്ട അഭിനവ ഭാരത് യുവക് സംഘമൊക്കെ യുവജനരംഗത്ത് ഉണ്ടാക്കിയെടുത്ത അവകാശബോധവും പോരാട്ടവീര്യവും ജില്ലയിൽ സോഷ്യലിസ്‌റ്റ് ചിന്താഗതിയുള്ള യുവജനങ്ങളുടെ സിരകളിൽ ആവേശമായിരുന്നു. എഐവൈഎഫിന്റെ നിലപാടുകളിലുള്ള വ്യതിയാനങ്ങളും മറ്റുമാണ് സോഷ്യലിസ്‌റ്റ് യുവജന സംഘടന രൂപീകരിക്കുകയെന്ന ചിന്തയിലേക്ക് കണ്ണൂരിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായ യുവപ്രവർത്തകരെ നയിച്ചത്. പാപ്പിനിശേരിയിൽ നടന്ന സമ്മേളനത്തിൽ പ്രാതിനിധ്യസ്വഭാവത്തിലാണ് പ്രതിനിധികൾ പങ്കെടുത്തത്. ഇതിന്റെ മുന്നോടിയായി പലയിടത്തും വില്ലേജ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കണ്ണൂരും കാസർകോടും വടക്കേ വയനാടും ചേർന്നതായിരുന്നു അന്നത്തെ കണ്ണൂർ ജില്ല. അംഗങ്ങളിൽനിന്ന് വർഷത്തിൽ 50 പൈസ മെന്പർഷിപ്പ് ഫീസും 15 പൈസ മാസവരിയും തീരുമാനിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ എ കെ ജി മുഴുവൻസമയവും പങ്കെടുത്തു. സമാപനത്തിൽ വലിയ പങ്കാളിത്തത്തോടെ യുവജനപ്രകടനവും നടന്നു. കണ്ണൂർ ജില്ലാ സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷൻ പിറവിയെടുത്ത് ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സംഘാടക കമ്മിറ്റികൾ നിലവിൽവന്നു. സംസ്ഥാനാടിസ്ഥാനത്തിൽ യുവജന സംഘടന രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ 1968 ജൂണിൽ കോഴിക്കോട്ട് യുവജന കൺവൻഷൻ ചേർന്നു. കേരള സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷൻ രൂപംകൊണ്ടു. ഇന്ന് സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും ഇടപെടുന്ന ഡിവൈഎഫ്‌ഐയിലേക്ക് കെഎസ്‌വൈഎഫിൽനിന്ന് അധികം ദൂരമുണ്ടായില്ല. ചെന്പോട്ടി ബസാറിലെ ജില്ലാ കമ്മിറ്റി ഓഫീസിലാണ് ജില്ല കേന്ദ്രീകരിച്ച് സോഷ്യലിസ്‌റ്റ് യുവജന ഫെഡറേഷൻ രൂപീകരിക്കുന്നതിന് തീരുമാനമെടുത്തത്. പാപ്പിനിശേരിയിൽ സമ്മേളനം നടക്കുന്നതിനു മുന്പ് ജില്ലയിലെ പ്രധാന പ്രവർത്തകരുടെ യോഗവും ചേർന്നിരുന്നു. നക്‌സലിസത്തിന്റെയും മറ്റും സ്വാധീനത്തിൽ ഇവരിൽ പലരും വഴിമാറിയെങ്കിലും സംഘടന ശക്തമായ സാന്നിധ്യമായിത്തന്നെ നിലനിന്നു. യുവാക്കൾ നക്‌സലിസത്തിലേക്ക് മാറാതിരിക്കാനുള്ള സംഘടനാ കെട്ടുറപ്പിനുള്ള സുദീർഘമായ ചർച്ചകൾക്കും സ്വദേശി ബിൽഡിങ്ങിലെ ജില്ലാ കമ്മിറ്റി ഓഫീസ് സാക്ഷിയായി.









0 comments