കാട്ടുപന്നിക്കൂട്ടം ആയിരത്തിലധികം കമുകിൻ തൈകൾ നശിപ്പിച്ചു

ചെറുപുഴ
തിരുമേനി കോറാളിയിൽ കാട്ടുപന്നിക്കൂട്ടം ആയിരത്തിലധികം കമുകിൻ തൈകൾ നശിപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ സമ്മിശ്ര കർഷകൻ പുതിയറ ബേബിയുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് കാട്ടുപന്നികൾ കൃഷിയിടത്തിൽ നാശം വിതച്ചത്. മൂന്നുവർഷം പ്രായമായ കമുകിൻ തൈകൾ കുത്തിമറിച്ച് കടിച്ച് പൊട്ടിച്ച് അതിനുള്ളിലെ കാമ്പ് തിന്നുകയാണ്. 2700 കമുകിൻ തൈകൾ കൃഷി ചെയ്തിരുന്നു പകുതിയിലധികവും കാട്ടുപന്നികൾ പലപ്പോഴായി നശിപ്പിച്ചു. കഴിഞ്ഞ വർഷം 500 കമുകിൻ തൈകൾ നശിപ്പിച്ചിരുന്നു. കമ്പി, നെറ്റ്, തടികൾ എന്നിവകൊണ്ട് കൃഷിയിടത്തിന് ചുറ്റും ബേബി പന്നികയറാൻ കഴിയാത്ത വിധം വേലി തീർത്തിരുന്നു. എന്നാൽ, ഇവയെല്ലാം തകർത്താണ് കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലെത്തിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ എഫ് അലക്സാണ്ടർ, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ കൃഷിയിടം സന്ദർശിച്ചു. കേരള സർക്കാർ വന്യജീവി ആക്രമണങ്ങൾ കൂടി പ്രകൃതിക്ഷോഭത്തിൽ ഉൾപ്പെടുത്തിയതിനാൽ കർഷകന് സഹായങ്ങൾ ഉറപ്പുവരുത്താൻ കഴിയുമെന്ന് കൃഷി ഓഫീസർ പറഞ്ഞു.









0 comments