പഹൽഗാം സംഭവത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നു: ഇ പി ജയരാജൻ

പയ്യന്നൂർ
രാജ്യത്ത് ഭീകരാക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് നടക്കുന്നതെന്നും ഓപ്പറേഷൻ സിന്ദൂറും പഹൽഗാം സംഭവങ്ങളുമെല്ലാം വർഗീയവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ ശക്തികളും കേന്ദ്ര സർക്കാരും നടത്തുന്നതെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ പറഞ്ഞു. ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ഷേണായി സ്ക്വയറിൽ സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികളെയും ഇന്ത്യൻ ജനതയെയും കബളിപ്പിച്ചുകൊണ്ടാണ് ബിജെപി അധികാരത്തിലെത്തിയത്. വലിയ ആപത്തുകളാണ് നമ്മുടെ മുന്നിൽ വന്നു കൊണ്ടിരിക്കുന്നത്. അതു തടയാൻ കോൺഗ്രസിനെക്കൊണ്ട് കഴിയുന്നില്ല. ഇത് കോൺഗ്രസ് പുനഃപരിശോധിക്കണം. ആപൽക്കരമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോൾ കോൺഗ്രസിനകത്തുള്ള മതനിരപേക്ഷവാദികൾ രാജ്യരക്ഷക്കുള്ള നിലപാട് സ്വീകരിക്കണം. മതനിരപേക്ഷ ബോധത്തിലേക്ക് ഇന്ത്യയെ നയിക്കാൻ യുവതലമുറ മുൻകൈയെടുക്കണമെന്നും ഇ പി പറഞ്ഞു.









0 comments