എഐ രംഗത്തും കേരള ദിനേശ് ബദലിന്റെ സഹകരണ മാതൃക

ധോണിക്കും മുണ്ടൂരിനുമിടയിൽ ഞാറക്കോട് പരുത്തിപ്പാറയിൽ സ്ഥാപിച്ച ബൈസ്പെക്ട്രൽ തെർമൽ കാമറ സംവിധാനവും ആർആർടി ഓഫീസിലെ സെർവറും
വി കെ രഘുപ്രസാദ്
Published on Apr 04, 2025, 03:00 AM | 1 min read
പാലക്കാട്
പട്ടിണിയിലായ ബീഡിത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ തുടങ്ങിയ കേരള ദിനേശ് നിർമിതബുദ്ധി രംഗത്തും ചുവടുറപ്പിക്കുന്നു. കേരളത്തിലെ സഹകരണ മേഖലയുടെ കരുത്താണ് ദിനേശ് ഐടി സിസ്റ്റംസിന്റെ പ്രവർത്തനങ്ങളിലൂടെ തെളിയുന്നത്. നിർമിതബുദ്ധി, ഐടി രംഗങ്ങളിലെ കോർപറേറ്റ് ഇടപെടലുകൾക്ക് ബദൽക്കൂടിയായി മാറുന്നു ഈ സഹകരണ പ്രസ്ഥാനത്തിന്റെ മുന്നേറ്റം. വൈൽഡ് വാച്ച് വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പാലക്കാട്, വയനാട് ജില്ലകളിൽ സജ്ജമാക്കിയ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന "വൈൽഡ് വാച്ച്' നിരീക്ഷണ സംവിധാനമാണ് ദിനേശിന്റെ ഏറ്റവും പുതിയ ചുവടുവയ്‌പ്പ്. വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നതിന് മുമ്പുതന്നെ വനംവകുപ്പിന്റെ റാപ്പിഡ് റസ്‌പോൺസ് ടീം (ആർആർടി) അംഗങ്ങൾക്കും പ്രദേശത്തെ ജനങ്ങൾക്കും മുന്നറിയിപ്പ് നൽകാൻ വൈൽഡ് വാച്ചിനാകും. സൈറൺ മുഴക്കി മൃഗങ്ങളെ തുരത്താനുള്ള സംവിധാനവുമുണ്ട്. മൃഗങ്ങളുടെ സഞ്ചാരപഥം കണ്ടെത്താനുമാകും. ഡിസ്‌ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിങ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. വനംവകുപ്പിന്റെ പാലക്കാട് ഡിവിഷൻ ഓഫീസിൽ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിൽനിന്ന് വനംവകുപ്പിന് കാമറകൾ നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും കഴിയും. ഗവേഷകർക്കായി ‘വിജ്ഞാന’ കേരള ദിനേശ് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു സംവിധാനമാണ് ജനറേറ്റീവ് എഐ അധിഷ്ഠിത സോഫ്‌റ്റ്‌വെയറായ ‘വിജ്ഞാന’. ഗവേഷകർക്ക് പ്രബന്ധങ്ങൾ എളുപ്പം തയ്യാറാക്കാൻ ഇതുവഴി കഴിയും. ഇതിനായി തയ്യാറാക്കിയ സോഫ്‌റ്റ്‌വെയർ സംസ്ഥാന സർക്കാരിന്റെ പരിഗണനയ്‌ക്ക് സമർപ്പിച്ചിട്ടുണ്ട്. എഐ സിമുലേഷന്റെ സഹായത്തോടെ പ്രൊഫഷണൽ വിദ്യാർഥികൾക്ക് നൈപുണി വികസനത്തിന്, അഭിമുഖങ്ങള്‍ക്കടക്കം സഹായിക്കുന്ന സോഫ്റ്റ്‌വെയറും സർക്കാരിന്റെ പരിഗണനയിലാണ്. സഹകരണ മേഖലയിൽ ആദ്യത്തേതാണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും. ഡ്രോൺ പരിശീലന കേന്ദ്രം തുടങ്ങാനും പദ്ധതിയുണ്ട്. ഡിജിസിഎ അംഗീകാരമുള്ള ഡ്രോൺ പരിശീലന കോഴ്‌സുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ് ബാബു പറഞ്ഞു. കോർ ബാങ്കിങ് ഐടി രംഗത്തും വൻമുന്നേറ്റം നടത്താൻ ദിനേശിനായി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാറ്റ സെന്റർ നിർമിച്ച് സഹകരണ സ്ഥാപനങ്ങൾക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ സേവനം ഇപ്പോള്‍ നൽകുന്നുണ്ട്. പല പ്രമുഖ സഹകരണ ബാങ്കുകളും ദിനേശ് ഐടി സിസ്റ്റത്തിന്റെ സഹകരണ കോർബാങ്കിങ് സോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കുന്നത്. എടിഎം, മൊബൈൽ ബാങ്കിങ്, ആർടിജിഎസ്/എൻഇഎഫ്‌ടി, നെറ്റ് ബാങ്കിങ്, ബിബിപിഎസ് തുടങ്ങിയവ ഈ സോഫ്റ്റ്‌വെയറിൽ ലഭ്യമാണ്.









0 comments