തലശേരി എൻജിനിയറിങ്‌ കോളേജിൽ 
ഇ നാരായണൻ സ്‌മാരക ഓഡിറ്റോറിയം തുറന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2025, 03:00 AM | 2 min read

തലശേരി

പ്രമുഖ സഹകാരി ഇ നാരായണന്റെ സ്‌മരണയ്‌ക്ക്‌ തലശേരി എൻജിനിയറിങ്‌ കോളേജിൽ നിർമിച്ച ഇ നാരായണൻ സ്‌മാരക ഓഡിറ്റോറിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ ഒരാൾ രാജ്യം ശ്രദ്ധിക്കുന്ന മാനേജ്‌മെന്റ്‌ വിദഗ്‌ധനായി മാറിയത്‌ എങ്ങനെയെന്ന്‌ ഇ നാരായണന്റെ ജീവിതത്തിലൂടെ പുതുതലമുറക്ക്‌ പഠിക്കാനാകുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. അനുഭവത്തിലൂടെയാണ്‌ അദ്ദേഹം അറിവ്‌ ആർജിച്ചത്‌. അങ്ങനെയാണ്‌ പല മാനേജ്‌മെന്റ്‌ വിദഗ്ധരെയും വെല്ലുന്ന മാനേജ്‌മെന്റ്‌ വൈദഗ്‌ധ്യം നേടിയത്‌. വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നതെന്നും ഇത്തരം ശ്രമങ്ങളോട്‌ ചേർന്ന്‌ നിൽകുന്ന പ്രവർത്തനമാണ്‌ തലശേരി എൻജിനിയറിങ് കോളേജ്‌ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷനായി. പിഡബ്ല്യുഡി എക്‌സിക്യുട്ടീവ്‌ എൻജിനിയർ സി സവിത റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോളേജ്‌ രജതജൂബിലി ലോഗോ എരഞ്ഞോളി പഞ്ചായത്ത്‌ പ്രസിഡന്റ് എം പി ശ്രീഷ പ്രകാശിപ്പിച്ചു. കേരള ഫ്യൂച്ചർ ടെക്‌നോളജി ഹബ് ലോഗോ കേപ്പ്‌ ഡയറക്ടർ ഡോ. വി ഐ താജുദ്ദീൻ അഹമ്മദ്‌ പുറത്തിറക്കി. തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത, കെ വി നിമിഷ, ഡോ. പി രാജീവ്‌, പ്രൊഫ. ടി വി രേഷ്‌മ, ബി അരുൺജിത്ത്‌, എ കെ അനസ്‌ എന്നിവർ സംസാരിച്ചു. ഇ നാരായണന്റെ ഫോട്ടോയും മുഖ്യമന്ത്രി അനാഛാദനം ചെയ്‌തു. കേപ്പ്‌ ജോ. ഡയറക്ടർ എസ്‌ ജയകുമാർ, ഇ നാരായണന്റെ മക്കളായ പി അനിൽകുമാർ, ഇ പി പ്രീത, ഇ പി റീത്ത, മരുമകൻ സി മോഹനൻ എന്നിവരും പങ്കെടുത്തു. കുസാറ്റ്‌ എംബിഎ രണ്ടാം റാങ്ക്‌ നേടിയ എ ടി ഷിൻജുൽ, എൻസിസി ബെസ്‌റ്റ്‌ കാഡറ്റ്‌ സ്വർണമെഡൽ നേടിയ എ പി യഥുൻ, എൻപിടിഇഎൽ എലൈറ്റ്‌ സ്വർണമെഡൽ നേടിയ ടി ആർ മാളവിക, യു കെ ദേവപ്രിയ, പി വി ദൃശ്യ, കരാറുകാരനായ മജീദ്‌ നെല്ലിഗ, ബിൽഡിങ് ഡിസൈനർ പ്രൊഫ. സ‍ൗമ്യൻ എന്നിവർക്ക്‌ മുഖ്യമന്ത്രി ഉപഹാരം നൽകി. അവസാന വർഷ ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ വിദ്യാർഥി വൈഷ്‌ണവ്‌ പ്രകാശ്‌ വരച്ച മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും ചിത്രങ്ങൾ ചടങ്ങിൽ കൈമാറി. പ്രിൻസിപ്പൽ ഡോ. എബി ഡേവിഡ്‌ സ്വാഗതവും പിടിഎ വൈസ്‌ പ്രസിഡന്റ്‌ പി അജിത്ത്‌ നന്ദിയും പറഞ്ഞു. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന്‌ 2.35 കോടി രൂപയും പ്ലാൻ ഫണ്ടിൽനിന്നുള്ള 49 ലക്ഷം രൂപയും വിനിയോഗിച്ചാണ്‌ 1326.72 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഓഡിറ്റോറിയം നിർമിച്ചത്‌. രണ്ട്‌ നിലയിൽ ബാൽക്കണിയോടെയുള്ള ഓഡിറ്റോറിയത്തിൽ 1400 പേർക്ക്‌ ഇരിക്കാനുള്ള സ‍ൗകര്യമുണ്ട്‌. കേപ്പിനുകീഴിൽ ആരംഭിച്ച കോളേജിന്‌ 25 ഏക്കർ സ്ഥലം വാങ്ങി കൈമാറിയത്‌ ഇ നാരായണന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്‌ ഓഡിറ്റോറിയം നിർമിച്ചത്‌. എയർകണ്ടീഷൻ സംവിധാനമുള്ള ഓഡിറ്റോറിയം പൊതുജനങ്ങൾക്കും വാടകയ്‌ക്ക്‌ നൽകും.​



deshabhimani section

Related News

View More
0 comments
Sort by

Home