മുടിവെട്ടാം, രാജീവന്റെ പാട്ട് കേട്ട്

സുപ്രിയ സുധാകർ
Published on Jun 14, 2025, 02:00 AM | 1 min read
കണ്ണൂർ
മാലൂർ അരിങ്ങോട്ടുവയലിൽ പാറക്കണ്ടി രാജീവന്റെ ഷോപ്പിലെത്തിയാൽ ശ്രുതിമധുരമായ പാട്ടുകേട്ട് മുടി വെട്ടാം. പഴയ മലയാള സിനിമാഗാനങ്ങൾ അതിമധുരമായി പാടുന്നതോടൊപ്പം മനോഹരമായി മുടിയും വെട്ടും. താൽപര്യമുള്ള പാട്ടുകൾ പറഞ്ഞാൽ അതും പാടും. വിവാഹ സൽക്കാരങ്ങളിലും ഉത്സവപറമ്പുകളിലും കരോക്കെ ഗാനങ്ങൾ പാടിത്തകർക്കുന്ന ഇദ്ദേഹം അയ്യല്ലൂർ പാറക്കണ്ടി പറമ്പിൽ നാരായണന്റെയും മധവിയുടെയും മകനാണ്. രണ്ടാംക്ലാസ് മുതൽ ലളിതഗാനവും പദ്യവും ചൊല്ലിയാണ് പാട്ടിന്റെ രംഗത്തേക്ക് പിച്ചവച്ചു കയറിയത്. സംഗീതം പഠിക്കാനുള്ള സാമ്പത്തികമില്ലാത്തതിനാൽ ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ല. പാട്ടുപെട്ടിയിൽ നിന്നുതിരുന്ന ഗാനങ്ങൾക്കൊപ്പം പാടി പഠിച്ചു. സ്‌കൂൾ പഠനത്തിനുശേഷം ശ്രീകണ്‌ഠപുരത്ത് ബന്ധുവിനൊപ്പംനിന്നാണ് മുടിവെട്ടാൻ പഠിച്ചത്. പിന്നീട് വയനാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഷോപ്പ് നടത്തി. 18 വർഷമായി മാലൂരിലാണ്. പാട്ടിനെയും കൈവിടാതെ കൂടെക്കൂട്ടി. കാസർകോട് സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോൾ അവിടെനിന്ന് കേട്ട കന്നട ഗാനങ്ങളടങ്ങിയ കാസറ്റ് സ്വന്തമാക്കിയതും രാജീവന്റെ പാട്ടുപ്രേമ കഥയിലുണ്ട്. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് കാസറ്റും ടേപ്പും ഇല്ലാതായെങ്കിലും അന്ന് ഹൃദിസ്ഥമാക്കിയ കന്നടഗാനങ്ങൾ ഇന്നും രാജീവന്റെ നാവിൻതുമ്പിലുണ്ട്. വിവാഹ സൽക്കാരങ്ങളിലും ഉത്സവത്തിനുമെല്ലാം രാജീവന്റെ പ്രോഗ്രാം ആവശ്യപ്പെട്ട് ആളുകൾ വരാൻ തുടങ്ങി. അതിനാൽ മൊബൈൽ ഫോണിൽ 700ഓളം ഗാനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. കല്യാണവീടുകളിലും ക്ലബ്ബിന്റെ വാർഷികാഘോഷങ്ങളിലും രാജീവന്റെ പാട്ട് നാട്ടുകാർക്ക് നിർബന്ധമാണ്. പഴയപാട്ടുകളുടെ ഈണവും ഇമ്പവുമാണ് രാജീവന് ഇഷ്‌ടം. മക്കൾക്കും പാട്ടിനോട് താൽപര്യമുണ്ട്. മകൾ അഞ്‌ജന മട്ടന്നൂർ അഭയ ആശുപത്രിയിൽ ഫിസിയോ തെറാപിസ്‌റ്റാണ്. മകൻ അദ്വൈത് ബംഗളുരുവിൽ ജോലിചെയ്യുന്നു. ഭാര്യ നിഷ (ഗ്രാമ ബേക്കറി ശാഖ).









0 comments