സ്വകാര്യ ഭൂമിയിലും പച്ചത്തുരുത്തൊരുക്കാം

കണ്ണൂർ
കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടി എന്ന സന്ദേശമുയർത്തി ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് വ്യാപന ക്യാമ്പയിന് വൻ പിന്തുണ. ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനിലെ ഹരിത കേരളം മിഷൻ സ്റ്റാളിലാണ് സ്വകാര്യ പച്ചത്തുരുത്തിന് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. വ്യക്തികളുടെ തരിശ് ഭൂമി, ചെങ്കല്ല് വെട്ടിയൊഴിഞ്ഞ ഭൂമി, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരുടെ സ്ഥലം എന്നിവടങ്ങളിലാണ് ഹരിത കേരളം മിഷൻ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും സഹായത്തോടെ പച്ചത്തുരുത്ത് ഒരുക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ നട്ടുവളർത്തുന്ന വൃക്ഷങ്ങൾ അഞ്ച് വർഷമെങ്കിലും മുറിച്ചു മാറ്റാൻ പാടില്ലെന്ന നിബന്ധന അംഗീകരിക്കുന്നവരുടെ ഭൂമിയിലാണ് പച്ചത്തുരുത്തു നിർമിക്കാൻ ഹരിത കേരളം മിഷൻ മുൻകൈ എടുക്കുക.- ഭൂമിയ്ക്ക് യോജിച്ച വൃക്ഷങ്ങളുടെ തൈകൾ ഹരിത കേരളം മിഷൻ ലഭ്യമാക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 12 പേർ പുതുതായി രജിസ്റ്റർ ചെയ്തു. എന്റെ കേരളം മെഗാ എക്‌സിബിഷനിലെ ഹരിത കേരളം മിഷൻ സ്റ്റാളിൽ അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഔഷധ സസ്യങ്ങളുടെയും ഫലവൃക്ഷ സസ്യങ്ങളുടെയും തൈകൾ സമ്മാനം നേടുന്ന പരിപാടിക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സായാഹ്ന ചോദ്യോത്തര പരിപാടിയിൽ പങ്കെടുത്ത് 127 പേർ സമ്മാനങ്ങൾ നേടി. ഉപയോഗശൂന്യമായ ക്വാറികളിലെ ജലം റീചാർജ് ചെയ്ത് കൃഷിക്ക് ഉപയോഗ്യമാക്കുന്നതിനുള്ള പദ്ധതിയുടെ വിശദാംശങ്ങളും സ്റ്റാളിലുണ്ട്. കാനാമ്പുഴ പദ്ധതിയുടെയും മാലിന്യ സംസ്കരണ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും സ്റ്റാളിൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.









0 comments