കൂത്തുപറന്പ് താലൂക്ക് ആശുപത്രി
മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം തുറന്നു

കൂത്തുപറന്പ്
പന്ത്രണ്ട് നിലകളിലായി വിവിധ സൗകര്യങ്ങളോടെ നിർമിച്ച കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രിയിലെ ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച് പി വി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വി ശിവദാസൻ എംപി, കെ കെ ശൈലജ എംഎൽഎ, നഗരസഭാ ചെയർമാൻ വി സുജാത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല, വി രാമകൃഷ്ണൻ, കെ അജിത, ലിജി സജേഷ്, കെ വി രജീഷ്, കെ കെ ഷമീർ, എം വി ശ്രീജ, ഡിഎംഒ എം പിയൂഷ്, എൻഎച്ച് എം ഡിപിഎം പി കെ അനിൽകുമാർ, യു പി ജയശ്രീ, ആർ ഹേമലത, പി എൻ അനീഷ്, കെ ധനഞ്ജയൻ, സി വിജയൻ, സി ജി തങ്കച്ചൻ, പി കെ ഷാഹുൽ ഹമീദ്, എൻ ധനഞ്ജയൻ, ഷംജിത്ത് പാട്യം, മുഹമ്മദ്റാഫി, കെ പ്രകാശൻ, ശ്രീനിവാസൻ മാറോളി, അഷ്റഫ് ചെമ്പിലാലി, പി സി പോക്കു ഹാജി, പി പ്രമോദ് പങ്കെടുത്തു. കെ പി മോഹനൻ എംഎൽഎ സ്വാഗതവും ഡോ. എ കെ സഹിന നന്ദിയും പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങൾ യാദൃച്ഛികമല്ല – മുഖ്യമന്ത്രി
കൂത്തുപറന്പ്
കേരളത്തിന്റെ നേട്ടങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും കഴിഞ്ഞ ഒരുദശാബ്ദക്കാലം സർക്കാർ നടത്തിയ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തന ഫലമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടർഭരണം കിട്ടിയതുകൊണ്ടാണ് ഇത് സാധ്യമായത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ മൾട്ടി സ്‌പെഷ്യാലിറ്റി കെട്ടിടം, ഡിജിറ്റൽ മാമോഗ്രാം മെഷീൻ, ഗർഭാശയ ഗള കാൻസർ പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിൻ വിതരണ സംസ്ഥാനതല പൈലറ്റ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മുൻകാലങ്ങളിൽ എൽഡിഎഫ് ഭരിക്കുന്പോൾ ഉണ്ടാകുന്ന പുരോഗതി തുടർന്നുവരുന്ന ഭരണത്തിൽ ഉണ്ടാകാറില്ല. ഇപ്പോഴുള്ള നേട്ടങ്ങളെല്ലാം വാസ്‌തവമല്ലെന്ന് പറയുന്നവർ 2016ന് മുന്പുള്ള കാലം സ്‌മരിച്ചാൽ മതി. എത്രത്തോളം പരിതാപകരമായിരുന്നെന്ന് അറിയാൻ സാധിക്കും. കോവിഡ് മഹാമാരി ഉൾപ്പെടെയുളള പ്രതിസന്ധികൾ നമ്മൾ നേരിട്ടത് ലോകശ്രദ്ധയാകർഷിച്ചതാണ്. മാതൃ–ശിശു- മരണ നിരക്ക് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നിലയിയിലേക്ക് മാറി. ആയുർദൈർഘ്യത്തിന്റെ ആഗോള ശരാശരി 73.5 ആയിരിക്കെ കേരളത്തിൽ ഇത് 77 ആണ്. ഇത്തരം മാറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇല്ലാക്കഥകൾ പറയുന്നത്. പൊതുജനാരോഗ്യരംഗം കൂടുതൽ ജനസൗഹൃദവും ആധുനികവുമാക്കി. സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള മറ്റൊരു വലിയ ചുവടുവയ്‌പ്പാണ് ഗർഭാശയഗള കാൻസർ പ്രതിരോധ എച്ച്പിവി വാക്‌സിൻ. ചിലർ ഇതിനെതിരെ പ്രചാരണം നടത്തുന്നുണ്ടെങ്കിലും സമൂഹത്തിനാകെ ഗുണപ്രദമായതിനാലാണ് സർക്കാർ ഇതുമായി മുന്നോട്ടുപോകുന്നത്. ഗർഭാശയഗള അർബുദം പ്രതിരോധത്തിനായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥിനികൾ എച്ച്പിവി വാക്‌സിനേഷൻ എടുക്കണം. മാമോഗ്രാം സ്ഥാപിച്ചത് ഗെയിലിന്റെ സിഎസ്‌ആർ ഫണ്ട് മുഖേനയാണ്. ഗെയിൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ആരോഗ്യസംരക്ഷണ ദൗത്യത്തിൽ കൈകോർക്കുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണാജോർജ് അധ്യക്ഷയായി.









0 comments