ആവേശം ചോരാതെ ആരാധകർ

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്സും തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയും തമ്മിലുള്ള മത്സരം കാണാനെത്തിയവരുടെ ആവേശം
വെബ് ഡെസ്ക്

Published on Nov 11, 2025, 03:00 PM | 2 min read

കണ്ണൂർ

കണ്ണൂർ വാരിയേഴ്സ് ഹോംഗ്രൗണ്ടായ ജവഹർ സ്റ്റേഡിയത്തിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയപ്പോഴും ആവേശം ചോരാതെ ആരാധകർ. മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയായിരുന്നു എതിരാളികൾ. കളി ആരംഭിക്കുന്നതിനുമുന്പുതന്നെ ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിത്തുടങ്ങി. വൈകിട്ട് അഞ്ചുമുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരെ പ്രവേശിപ്പിച്ചുതുടങ്ങിയിരുന്നു. പ്രിയ ടീമിന്റെ ജഴ്‌സിയണിഞ്ഞും കൊടികളുമായും എത്തിയ ആരാധകർ ആർപ്പുവിളിയും ബാൻഡ് മേളവുമേള്വുമായി കളിക്കാരെ പ്രോത്സാഹിപ്പിച്ചു. മത്സരത്തിൽ ആതിഥേയർ ഒന്നിനെതിരെ മൂന്നുഗോളിന്‌ തോൽവിയേറ്റുവാങ്ങി. ആദ്യപകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാംപകുതിയിൽ തിരുവനന്തപുരത്തിന്റെ തേരോട്ടത്തിനാണ് സ്റ്റേഡിയം സാക്ഷിയായത്. 47–-ാം മിനിറ്റിൽ തിരുവനന്തപുരം ലീഡ് നേടി. വാരിയേഴ്‌സ്‌ ബോക്‌സിലേക്ക് ഇരച്ചുകയറിയ ബിസ്‌പോയുടെ ഷോട്ട് കണ്ണൂർ കീപ്പർ ഉബൈദ് അതിവിദഗ്ധമായി തടഞ്ഞെങ്കിലും കുതിച്ചെത്തിയ മുഹമ്മദ് ജാസിം ആ റീബൗണ്ട് പന്ത് വലയ്ക്കുള്ളിലാക്കി. (1–-0). 69–ാം മിനിറ്റില്‍ തിരുവനന്തപുരം രണ്ടാംഗോള്‍ നേടി. ഒറ്റയ്ക്ക് പന്തുമായി ബോക്‌സിലേക്ക് കുതിച്ച റോണാൾഡിന്റെ ഷോട്ട് ഉബൈദ് തട്ടിയകറ്റി. എന്നാൽ, കൃത്യസമയത്ത് അവിടെയെത്തിയ ഔട്ടമാർ ബിസ്‌പോ പന്ത് അനായാസം ഗോളാക്കി മാറ്റി (2–0). 85-ാം മിനിറ്റിൽ ബിസ്‌പോ തന്റെ രണ്ടാം ഗോളോടെ ലീഡ് മൂന്നായി ഉയർത്തി. ഇടതുവിങ്ങിൽനിന്ന് മുഹമ്മദ് ഷാഫി നൽകിയ പന്ത്, ബിസ്‌പോ അനായാസം വലയിലെത്തിച്ചു (3–0). 86–ാം മിനിറ്റില്‍ കണ്ണൂര്‍ ക്യാപ്റ്റന്‍ അഡ്രിയാന് ചുവപ്പ് കാര്‍ഡു വാങ്ങി പുറത്തുപോയി. ഇഞ്ചുറി ടൈമിൽ ഇടതു വിങ്ങില്‍നിന്ന് ലഭിച്ച ഫ്രീകിക്കിൽനിന്ന്‌ അസിയര്‍ ഗോമസ് കണ്ണൂരിന്റെ ആശ്വാസ ഗോള്‍ നേടി. ​​മാതൃകയായി 
റെഡ് മറൈനേഴ്‌സ് ​സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്‌സ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് മാതൃകയായി. മത്സരശേഷം എല്ലാവരും ആഘോഷങ്ങളുമായി സ്റ്റേഡിയം വിട്ടപ്പോള്‍ റെഡ് മറൈനേഴ്‌സ് സ്‌റ്റേഡിയത്തിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗ്യാലറിയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ അവശേഷിപ്പിച്ച കുപ്പികളും ആഹാര അവശിഷ്ടവും ഉള്‍പ്പെടെയുള്ളവയാണ് അവര്‍ നീക്കം ചെയ്തത്. ​തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെയുള്ള ആദ്യ മത്സരത്തിലും സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ വൃത്തിയാക്കിയിരുന്നു. സ്റ്റേഡിയത്തിലെ മാലിന്യം ശേഖരിച്ച് കവറിലാക്കി നിശ്ചിതസ്ഥലത്ത് നിക്ഷേപിച്ചാണ് അവര്‍ മടങ്ങിയത്. കണ്ണൂരിലേക്ക് ഫുട്‌ബോളിനെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ചെയര്‍മാന്‍ ഡോ. എ പി ഹസ്സന്‍ കുഞ്ഞിയെ റെഡ് മറൈനേഴ്‌സ് ആദരിച്ചു. ​സൗജന്യ ബ്രസ്റ്റ് സ്ക്രീനിങ് ​വാരിയേഴ്‌സ് ഫോര്‍ വെല്‍നെസ്സ് എന്ന മുദ്യാവാക്യമുയര്‍ത്തി കിംസ് ശ്രീചന്ദ് ആശുപത്രി കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുമായി സഹകരിച്ച്‌ ജില്ലയിലെ സ്ത്രീകള്‍ക്ക് സൗജ്യമായി ബ്രസ്റ്റ് സ്‌ക്രീനിങ് നല്‍ക്കുന്നു. 31 വരെ കണ്ണൂര്‍ കിംസ് ശ്രീചന്ദ് ആശുപത്രിയില്‍ വാരിയേഴ്‌സ് വിമണ്‍ എന്ന കൂപ്പണ്‍ കോഡുമായി എത്തിയാല്‍ സൗജന്യമായി സ്‌ക്രീനിങ് നടത്താം. വിവരങ്ങള്‍ക്ക്: 9747128137.



deshabhimani section

Related News

View More
0 comments
Sort by

Home