കോർപ്പറേഷൻ അധികൃതരോടാണ്
എത്രകാലം സഹിക്കണം

കണ്ണൂർ
ഒന്നരവയസ്സുള്ള കുട്ടി ഉൾപ്പെടെ 21 പേർക്ക് ബുധനാഴ്‌ച തെരുവുനായയുടെ കടിയേറ്റു. ചൊവ്വാഴ്ച നഗരത്തെ ഭീതിയിലാഴ്ത്തിയ തെരുവുനായകൾ അമ്പതിലധികം പേരെയാണ് കടിച്ചുകീറിയത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബുധനാഴ്‌ച രാവിലെയും തെരുവുനായ ആക്രമണം ഉണ്ടായത്. തെരുവുനായകളുടെ ആക്രമണം വർധിക്കുമ്പോഴും കോർപ്പറേഷൻ മുഖംതിരിച്ചുനിൽക്കുകയാണ്. ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത കോർപ്പറേഷൻ ഭരണസമിതിക്കെതിരെ പ്രതിഷേധം അണപൊട്ടി. വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും വ്യാപാരി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ബുധൻ രാവിലെയും തെരുവുനായ ആക്രമണം തുടർന്നതോടെ കാൽനടയാത്രക്കാരും നഗരത്തിലെ വ്യാപാരികളും ഭീതിയിലായി. പ്ലാസ ജങ്ഷൻ, എസ്ബിഐ പരിസരം, പുതിയ ബസ് സ്റ്റാൻഡ്, സെന്റ് മൈക്കിൾസ് ആംഗ്ലാേ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരം എന്നിവിടങ്ങളിൽനിന്നാണ് ആളുകൾക്ക് നായകളുടെ കടിയേറ്റത്. ചൊവ്വാഴ്ച നഗരത്തെ വിറപ്പിച്ച് അമ്പതിലധികം പേരെ കടിച്ചുകീറിയ നായയെ രാത്രി നഗരത്തിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഈ നായ മറ്റുനായകളെ കടിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നായകൾക്ക് പേവിഷബാധയും സംശയിക്കുന്നുണ്ട്. ചൊവ്വാഴ്‌ച നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റതിനാൽ ബുധനാഴ്‌ച നഗരത്തിലെത്തിയവർ ജാഗ്രതയിലായിരുന്നു. പ്രഭാത് ജങ്ഷനിൽ ബസ്സിറങ്ങി സ്കൂളിലേക്ക് നടന്നുപോകേണ്ട കേന്ദ്രീയ വിദ്യാലയം, സെന്റ് മൈക്കിൾസ് സ്കൂൾ, സെന്റ് തെരേസാസ് സ്കൂൾ, പയ്യാമ്പലം ഗേൾസ് സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഏറെ ഭയത്തോടെയാണ് എത്തിയത്. പല വിദ്യാർഥികളെയും രക്ഷിതാക്കൾ വാഹനങ്ങളിൽ സ്കൂളുകളിലെത്തിച്ചു. വ്യാപാരികളും ആശങ്കയിലാണ്. കടകളിലേക്ക് നായകൾ കയറുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കച്ചവടം നടക്കുന്ന കടവരാന്തകളിലും അടച്ചിട്ട കടകൾക്ക് മുന്നിലും കൂട്ടത്തോടെ വിഹരിക്കുകയാണ് നായകൾ.









0 comments