ടെയ്ക്ക് ഓഫ്

രാഗേഷ് കായലൂർ
Published on May 09, 2025, 02:30 AM | 2 min read
കണ്ണൂർ
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായ കണ്ണൂർ വിമാനത്താവളം വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറുകയാണ്. 2018 ഡിസംബർ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ച സ്വപ്‌നപദ്ധതി ആറ് വർഷം പിന്നിടുമ്പോൾ നേട്ടങ്ങളുടെ പട്ടികതന്നെയുണ്ട്. പ്രവർത്തനം തുടങ്ങി ആദ്യവർഷം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചു. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ ഇന്ത്യയിലെ മികച്ച മൂന്ന് വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും കണ്ണൂർ ഇടം നേടി. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കമ്പനി (കിയാൽ) വായ്‌പാ പുനഃക്രമീകരണത്തിലൂടെയും സ്വയംപര്യാപ്‌തതയിലേക്കെത്തുകയാണ്. യാത്രയ്ക്കെന്നപോലെ ചരക്കുനീക്കത്തിനും പ്രാധാന്യം നൽകി കാർഗോ ടെർമിനലിന്റെ നിർമാണം പൂർത്തിയായി. യാത്രാവിമാനങ്ങൾ വഴി പഴവും പച്ചക്കറിയും ഉൾപ്പെടെ ടൺകണക്കിന് സാധനങ്ങളാണ് ഇതിനകം കയറ്റിയയച്ചത്. യാത്രക്കാരുടെ എണ്ണത്തിലും വർധന മുൻ വർഷങ്ങളിലെ യാത്രക്കാരെ താരതമ്യപ്പെടുത്തി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കിൽ ഉയർന്ന വളർച്ചാ നിരക്കുണ്ട്. യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 39 ശതമാനവും വിമാന സർവീസിൽ 27 ശതമാനവുമാണ് വർധന. ഏപ്രിലിൽ 1,38,769 യാത്രക്കാരും 1,054 ഷെഡ്യൂൾ സർവീസുകളുമായാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. രാജ്യാന്തര യാത്രക്കാരുടെയും എണ്ണം കൂടി. അബുദാബി സെക്ടറിലാണ് കൂടുതൽ യാത്രക്കാർ. ഡൽഹി, മുംബൈ ആഭ്യന്തര സർവീസിലും യാത്രക്കാർ വർധിച്ചു. ഫുജൈറ, മസ്കറ്റ് ഇൻഡിഗോ സർവീസ് ഈ മാസം തുടങ്ങും. നിരവധി ആഭ്യന്തര, രാജ്യാന്തര സർവീസുണ്ടായിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് പൂട്ടിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയും വിദേശ വിമാനക്കമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി കേന്ദ്ര സർക്കാർ തുടർച്ചയായി നിഷേധിക്കുന്നതും തരണംചെയ്‌താണ് മികച്ച നേട്ടത്തിലെത്തിയത്. അപ്രോച്ച് ലൈറ്റ്‌നിങ് കാറ്റഗറി ഒന്നിലേക്കുയർത്തി ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്കിറങ്ങാനും പറന്നുയരാനും കഴിയുന്നതാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറ്റം വിമാനത്താവളത്തെ ലാഭകരമാക്കുന്നതിനുള്ള നടപടികളും ദ്രുതഗതിയിലാണ്. കിയാലിന്റെ കൈവശമുള്ള ഭൂമി മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താനുള്ള പദ്ധതികളുമായാണ് മുന്നോട്ടുപോകുന്നത്. പുതിയ നിക്ഷേപകരെ ആകർഷിച്ച് കൂടുതൽ ധനാഗമന, തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു. ഒന്നാം കവാടത്തിന് സമീപം 26,300 ചതുരശ്ര അടിയിൽ ബിപിസിഎൽ പെട്രോളിയം റീട്ടെയിൽ ഔട്ട്‌ലെറ്റ് യാഥാർഥ്യമായി. വിമാനത്താവളത്തിലെ വൈദ്യുതി ഉപഭോഗം 50 ശതമാനവും കാർബൺ ഫൂട്ട് പ്രിന്റും കുറയ്‌ക്കുക ലക്ഷ്യമിട്ട് നാല് മെഗാ വാട്ട് സോളാർ പ്ലാന്റും സ്ഥാപിക്കുന്നുണ്ട്. കാർ പാർക്കിങ് ഏരിയയിലെ സോളാർ പാനൽ മേൽക്കൂരയായും മാറും. മാസം 50 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭവുമുണ്ടാകും. 483 ഏക്കറിൽ 100 മെഗാവാട്ടിന്റെ സോളാർ പാടം സ്ഥാപിക്കുന്നതിനുള്ള വിപുല പദ്ധതിയും ഹോട്ടൽ, കൺവൻഷൻ സെന്റർ എന്നിവയും ആസൂത്രണം ചെയ്‌തിട്ടുണ്ട്.








0 comments