പ്രതിഷേധം കടുപ്പിച്ച് എൽഡിഎഫ്

കണ്ണൂർ
നഗരത്തിൽ എഴുപതിലേറെ പേർക്ക് തെരുവുനായകളുടെ കടിയേറ്റിട്ടും നടപടിയെടുക്കാത്ത കോർപ്പറേഷനെതിരെ കൗൺസിൽ യോഗത്തിലും പുറത്തും എൽഡിഎഫ് പ്രതിഷേധം. തെരുവുനായ്ക്കളെ പിടികൂടാനോ ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താനോ നടപടിയെടുക്കാത്ത കോർപ്പറേഷനെതിരെ പ്രതിഷേധം കനത്തു. ബുധനാഴ്‌ച ചേർന്ന കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധവുമായി മേയറുടെ ചേംബറിലേക്ക് ഇരച്ചുകയറി. കൗൺസിൽ ഹാളിന് പുറത്ത് എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവരെ പൊലീസ് തടഞ്ഞു. കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നതോടെ മേയർ മുസ്ലീഹ് മഠത്തിൽ അജൻഡ വായിച്ചു പാസാക്കിയെന്ന് പറഞ്ഞു യോഗം അവസാനിപ്പിച്ചു. മേയറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാർ ഇറങ്ങിപ്പോയി. ദിവസവും നിരവധി പേർക്കാണ് തെരുവുനായയുടെ കടിയേൽക്കുന്നത്. നാലരവർഷമായിട്ടും പരിഹാരം കാണാൻ കോർപ്പറേഷൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഉത്തരവാദിത്വം ജില്ലാപഞ്ചായത്തിന്റെ തലയിലിട്ട് കൈകഴുകാൻ സാധിക്കില്ലെന്നും എൽഡിഎഫ് കൗൺസിൽ പാർടി ലീഡർ എൻ സുകന്യ പറഞ്ഞു. നായകളെ പിടിക്കാൻ അടിയന്തര നടപടി വേണം. പിടിച്ചുകൊണ്ടുവരുന്ന നായകളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോമുകൾ ഒരുക്കണം. എന്നാൽ, കോർപ്പറേഷനിൽ രണ്ടു കൂടുമാത്രമാണ് തെരുവുനായകളെ പിടികൂടി സംരക്ഷിക്കാനുള്ളത്. ഫണ്ട് വകയിരുത്താനോ നായകളെ പിടികൂടാനോ കോർപ്പറേഷൻ മുൻകൈയെടുക്കുന്നില്ല. ജില്ലാപഞ്ചായത്തിനെ പഴിക്കാനാണ് നോക്കുന്നത്. അങ്ങിനെ മാറിനിൽക്കാൻ കോർപ്പറേഷനാവില്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോർപ്പറേഷന് ഉത്തരവാദിത്തമുണ്ട്. വർധിച്ചുവരുന്ന നായശല്യം പരിഹരിക്കാൻ എന്തെങ്കിലും നടപടി കോർപ്പറേഷൻ ചെയ്യണം. അലഞ്ഞുതിരിയുന്ന നായകളെ പിടികൂടി വന്ധ്യംകരിക്കാൻ കോർപ്പറേഷൻ കർശന നടപടിയെടുക്കണമെന്നും എൻ സുകന്യ ആവശ്യപ്പെട്ടു. ബുധനാഴ്‌ച കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ എൽഡിഎഫ് കൗൺസിലർമാർ തെരുവ് നായ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡ് ഉയർത്തി. എന്നാൽ അഹമ്മദാബാദിൽ വിമാനാപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി മേയർ അജൻഡയിലേക്ക് കടന്നു . ഇതോടെ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. വിഷയം ചർച്ചചെയ്യാൻ മേയർ തയ്യാറായില്ല. അജൻഡ മുഴുവൻ വായിച്ച് പാസാക്കിയെന്ന് പറഞ്ഞ് യോഗം അവസാനിപ്പിച്ചതോടെ പ്രതിഷേധം കൗൺസിൽ ഹാളിന് പുറത്തേക്ക് നീങ്ങി. പുറത്തും പ്രതിഷേധം കണ്ണൂർ കോർപ്പറേഷൻ അധികൃതർക്കെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. ബുധനാഴ്‌ച കൗൺസിൽ യോഗം നടക്കുന്ന ഹാളിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഹാളിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രകടനമായി പഴയബസ്‌സ്‌റ്റൻഡിലെത്തി പൊതുയോഗം ചേർന്നു. എൽഡിഎഫ് കൗൺസിൽ പാർടി ലീഡർ എൻ സുകന്യ, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, കൗൺസിലർ എൻ ഉഷ എന്നിവർ സംസാരിച്ചു.









0 comments