തലശേരിയിൽ മൂന്നാംദിനവും ബസ് സമരം; വലഞ്ഞ് യാത്രക്കാർ

തലശേരി
ബസ് കണ്ടക്ടറെ മർദിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളികൾ നടത്തിയ സമരത്തിൽ വലഞ്ഞ് യാത്രക്കാർ. തലശേരിയിൽനിന്ന് സർവീസ് നടത്തുന്ന മുഴുവൻ ബസ്സുകളും ഓട്ടം നിർത്തിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. കണ്ണൂർ, വടകര, പെരിങ്ങത്തൂർ, പാനൂർ, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കുള്ള ബസ്സുകളാണ് സർവീസ് നിർത്തിയത്. തലശേരി–തൊട്ടിൽപാലം റൂട്ടിലെ സമരം പിൻവലിക്കാൻ വ്യാഴാഴ്ച ചൊക്ലി പൊലീസിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ---- ധാരണയായതിന് പിന്നാലെയാണ് സമരം തുടരാൻ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ആഹ്വാനമുണ്ടായത്. വിദൂരദിക്കുകളിൽനിന്ന് ട്രെയിനിൽ തലശേരിയിലെത്തിയ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. സമരത്തിനിടയിലും ആശ്വാസമായത് കെഎസ്ആർടിസി സർവീസാണ്. സ്റ്റാൻഡിൽ കുടുങ്ങിയവർക്ക് പൊലീസ് വാഹനവും തുണയായി. വിദ്യാർഥിക്ക് കൺസഷൻ നിഷേധിച്ചെന്നാരോപിച്ച് ഓടുന്ന ബസ്സിൽ കയറി കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ വിഷ്ണുവിനെയാണ് തിങ്കളാഴ്ച ഒരു സംഘം ആക്രമിച്ചത്. ബുധനാഴ്ചയാണ് തലശേരി–തൊട്ടിൽപാലം റൂട്ടിൽ സമരം തുടങ്ങിയത്. ശനിയാഴ്ച മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.
സമരം പിൻവലിച്ചു
തലശേരി ബസ് കണ്ടക്ടറെ മർദിച്ച പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ തലശേരിയിൽ നടത്തിയ പണിമുടക്ക് പിൻവലിച്ചു. എഎസ്പി പി ബി കിരണിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ട്രേഡ് യൂണിയൻ – ബസ്സുടമസ്ഥ സംഘടനാപ്രതിനിധികളും മർദനമേറ്റ കണ്ടക്ടർ വിഷ്ണുവും പങ്കെടുത്തു. കണ്ടക്ടറെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകി. വ്യാഴാഴ്ച ചൊക്ലി പൊലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിലും സമരം പിൻവലിക്കാൻ ധാരണയായിരുന്നു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന വാശിയിൽ ഒരു വിഭാഗം രംഗത്തിറങ്ങിയതോടെ തീരുമാനം നടപ്പായില്ല. ബസ് സർവീസ് ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബസ് ഓണേഴ്സ് അസോസിയേഷനും യൂണിയൻ നേതാക്കളും അറിയിച്ചു. തീരുമാനത്തിനുശേഷം തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സമരം പിൻവലിച്ചിട്ടില്ലെന്ന വ്യാജ പ്രചാരണമുണ്ടെന്നും ഇത് ശരിയല്ലെന്നും മുഴുവൻ റൂട്ടുകളിലെയും ബസ്സുകൾ സർവീസ് നടത്തണമെന്നും ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. തലശേരി– -- തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗനാഥ് ബസ്സിലെ കണ്ടക്ടർ ഇരിങ്ങണ്ണൂരിലെ വിഷ്ണുവിനെ തിങ്കൾ വൈകിട്ട് ആറരയോടെയാണ് പെരിങ്ങത്തൂരിൽവച്ച് ഒരു സംഘം ആക്രമിച്ചത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ റിമാൻഡിലാണ്.









0 comments