നവീകരണം നിലച്ച് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ

പഴയങ്ങാടി
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ നവീകരണ, നിർമാണ പ്രവർത്തനങ്ങൾ മൂന്നു മാസമായി നിലച്ച നിലയിൽ. പ്ലാറ്റ്ഫോം നിർമാണവും ഇന്റർലോക്ക് പാകുന്ന പ്രവർത്തനവുമാണ് നിലച്ചത്. അതിനാൽ യാത്രക്കാർ പ്ലാറ്റ്ഫോമിൽക്കൂടി സഞ്ചരിക്കാനും ട്രെയിനിൽ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുന്നു. പലയിടങ്ങളിലും മേൽക്കൂരയില്ലാത്തതിനാൽ യാത്രക്കാർ മഴനനഞ്ഞ് കാത്തിരിക്കേണ്ട അവസ്ഥയാണ്. പ്ലാറ്റ്ഫോമിൽ മേൽക്കൂരയുള്ളിടത്ത് ചോർച്ചയുമുണ്ട്. നിർമാണ പ്രവർത്തനം നിലച്ചതിനാൽ സിമന്റ് കട്ടകളും പൊടിയും നിറഞ്ഞ നിലയിലാണ് പ്ലാറ്റ്ഫോമുകൾ. ഇരുമ്പ് കമ്പിയിലും കോൺക്രീറ്റിലും തട്ടിവീണ് പരിക്കേൽക്കുന്നതും സ്ഥിരംകാഴ്ചയാണ്. ദിനംപ്രതി നിരവധി യാത്രക്കാരാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. പ്ലാറ്റ്ഫോമിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമില്ലാത്തതും യാത്രക്കാരെ വലയ്‌ക്കുന്നു. നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.









0 comments