തദ്ദേശ തെരഞ്ഞെടുപ്പിൽ കടുത്ത പരാജയഭീതി
മറികടക്കാൻ വ്യാജവോട്ട് ചേർക്കാൻ ലീഗ്

തളിപ്പറമ്പ്
തളിപ്പറമ്പ് നഗരസഭ, സമീപ പഞ്ചായത്തുകളായ പരിയാരം, പട്ടുവം എന്നിവിടങ്ങളിൽ യുഡിഎഫ് വ്യാപകമായി വ്യാജ വോട്ട് ചേർക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി ഉറപ്പായതോടെയാണ് മുസ്ലിം ലീഗും കോൺഗ്രസും അട്ടിമറിക്ക് ശ്രമിക്കുന്നത്. ഒരു വാർഡിൽ അഞ്ഞൂറും അറന്നൂറും വ്യാജവോട്ടുകൾ ചേർക്കാനാണ് നീക്കം. തളിപ്പറമ്പ് നഗരസഭാ ഡിവിഷനിലെ വോട്ടർമാരും നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ളവരുമായ 600 പേരാണ് പരിയാരം ഒമ്പതാം വാർഡായ തലോറ നോർത്തിൽ വോട്ട് ചേർക്കാൻ അപേക്ഷിച്ചത്. തളിപ്പറമ്പ് നഗരസഭ 11ാം വാർഡിലെ ക്രമനമ്പർ 547 ലെ വോട്ടറായ പി മറിയം പരിയാരം പഞ്ചായത്ത് ഒമ്പതാം വാർഡായ തലോറ നോർത്തിൽ വോട്ട് ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട് . നെല്ലിപ്പറമ്പിൽ താമസക്കാരിയാണെന്ന് കാണിച്ച് 10നാണ് ക്രമനമ്പർ 148 ആയി അപേക്ഷ സ്വീകരിച്ചത്. ആസാദ് നഗറിലെ ക്രമനമ്പർ 13 വോട്ടറായ കെ പി ഫാത്തിമ ക്രമനമ്പർ 122 ആയി കെ ഫാത്തിമ എന്ന പേരിൽ തലോറ നോർത്ത് വാർഡിൽ വോട്ട് ചേർക്കാൻ അപേക്ഷിച്ചു. തലോറ സൗത്തിൽ 400 ഇരട്ട വോട്ടാണ് പുതുതായി ചേർക്കാൻ അപേക്ഷ നൽകിയത്. കുപ്പം മുക്കുന്ന് തിരുവട്ടൂർ ഭാഗങ്ങളിലും ഇത്തരത്തിൽ നൂറുകണക്കിന് വ്യാജവോട്ടുകൾ ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. പട്ടുവം പഞ്ചായത്തിൽ 169 വോട്ടുകൾ ചേർക്കാനാണ് അപേക്ഷ നൽകിയത്. യുഡിഎഫ് അനുകൂലികളായ ചില ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നതെന്നാക്ഷേപമുണ്ട്.









0 comments