പുസ്‌തകം വായിക്കാം പാട്ടും പഠിക്കാം

പയ്യന്നൂർ
അന്നൂർ പടിഞ്ഞാറെക്കരയിലെ വേമ്പു സ്‌മാരക വായനശാലയിൽ പുസ്‌തകം തെരഞ്ഞെടുക്കാനും വായിക്കാനുമായെത്തുന്നവരിൽ താൽപര്യമുള്ളവരെ ഗായകരാക്കുകയാണ് ഭാരവാഹികൾ. വായനയോടൊപ്പം നാട്ടിലെ ഗായകരെയും ആസ്വാദകരെയും വേദിയിൽ പാടാൻ സ്വപ്‌നം കാണുന്നവരെയും കണ്ടെത്തി "സംഗീതിക പാട്ടുകൂട്ടം' രൂപീകരിച്ചു. പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനും ഹ്രസ്വ ചലച്ചിത്ര സംവിധായകനുമായ സുരേഷ് അന്നൂരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിലും മറ്റവധി ദിവസങ്ങളിലും വൈകിട്ട് മൂന്നുമണിക്കൂർ പരിശീലനത്തിൽ നാട്ടിലെ മുപ്പത്തിയഞ്ചിലധികം പേർ പാടാനെത്തും. വായനശാലയുടെ പ്രധാന പരിപാടികളിൽ ട്രാക്ക് ഗാനങ്ങളുടെ അവതരണവും നടത്താറുണ്ട്. വായനപക്ഷാചരണ പരിപാടിയുടെ ഭാഗമായി സംഗീത പരിശീലനത്തിന് എത്തുന്നവരെ പങ്കെടുപ്പിച്ച് സിനിമ, നാടകഗാനങ്ങൾ ഉൾപ്പെടുത്തി "ആർക്കുംപാടാം' സംഗീത പരിപാടി അവതരിപ്പിച്ചു. പത്തുവയസുകാരി വേദയും മുപ്പത്തിയഞ്ചുവയസുള്ള അമ്മ സുരഭിയും എഴുപത്തിയൊന്നുവയസുള്ള മുത്തച്ഛൻ ഇ എ ബാലകൃഷ്ണനും ചേർന്ന് "ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം' എന്ന ഗാനം പാടിയപ്പോൾ അത് തലമുറകളുടെ അപൂർവ സംഗമമായി. പയ്യന്നൂർ താലൂക്കിലെ വായനശാലകളിൽ വേറിട്ട പ്രവർത്തനങ്ങളിലൂടെ മാതൃകയാവുകയാണ് അന്നൂർ പടിഞ്ഞാറെക്കരയിലെ വേമ്പു സ്മാരക വായനശാല. നിരവധി അംഗീകാരങ്ങൾ വായനശാലയെ തേടിയെത്തിയിട്ടുണ്ട്. കെ കെ ഗംഗാധരൻ പ്രസിഡന്റും എ കെ ബിനേഷ് സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.









0 comments