നേടിയത് നിരവധി പുരസ്‌കാരങ്ങൾ നേട്ടത്തിന്റെ നെറുകയിൽ ജില്ലാ പഞ്ചായത്ത്

കണ്ണൂർ പുരസ്‌കാരങ്ങളുടെ തിളക്കത്തിൽ ജില്ലാപഞ്ചായത്ത്. ശുചിത്വ– വിദ്യാഭ്യാസ–ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനതലത്തിലെ പ്രധാന പുരസ്‌കാരങ്ങൾ ജില്ലാപഞ്ചായത്തിനെ തേടിയെത്തുന്നത്. ഇൗ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷയിൽ 99.87 ശതമാനം വിജയം നേടിയാണ് ജില്ല ഒന്നാമതെത്തിയത്. വിദ്യാഭ്യാസമേഖലയിൽ സമൂലമായ ഇടപെടലുകളാണ് ജില്ലാപഞ്ചായത്ത് നടത്തിയത്. സ്‌കൂളുകളുടെ അടിസ്ഥാനവികസനത്തോടൊപ്പം പഠനമികവ് പുലർത്താനും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. പത്താംക്ലാസ് വിദ്യാർഥികളുടെ പഠനത്തിന് പ്രാധാന്യം നൽകി നടത്തിയ മാതൃകാ പരീക്ഷകളും പഠനപ്രവർത്തനങ്ങളും ജില്ലയിൽ ഏറെ ഗുണംചെയ്‌തു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് സംഘടിപ്പിച്ച വൃത്തി കോൺക്ലേവിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരവും നേടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ സാങ്കേതിക, സാമ്പത്തിക സഹകരണത്തോടെ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. നാടിനെ മാലിന്യമുക്തമാക്കാൻ വിദ്യാലയങ്ങളും കലാലയങ്ങളും ആരാധനാലയങ്ങളും ഗ്രന്ഥശാലകളും സർക്കാർ -സഹകരണ - സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഒരുമിച്ചതോടെ ജില്ലയിൽ ഏറെ മാറ്റമുണ്ടായി. സംസ്ഥാന കായകൽപ് പുരസ്‌കാരം ജില്ലാ ആയുർവേദ ആശുപത്രി കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ജില്ലാ ആശുപത്രി വിഭാഗത്തിൽ ഐഎസ്‌എം വകുപ്പിൽ 93.44 ശതമാനം മാർക്ക് നേടിയാണ് ജില്ലാ ആയുർവേദ ആശുപത്രി മൂന്നാംസ്ഥാനം കരസ്ഥമാക്കിയത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യനിർമാർജനം എന്നിവ ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തുന്നത്. ആർദ്ര കേരളം പുരസ്കാരത്തിലും സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ ജില്ലാപഞ്ചായത്തായി കണ്ണൂർ. ആരോഗ്യ, ശുചിത്വ, ജലസംരക്ഷണ മേഖലകളിലെ മികവാണ് ജില്ലാപഞ്ചായത്തിനെ ഉയർത്തിയത്. ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയുടെ നവീകരണത്തിന് പഞ്ചായത്ത് ഫണ്ടിന് പുറമേ സിഎസ്‌ആർ ഫണ്ടുകൾ കൂടി ലഭ്യമാക്കി വികസന പ്രവർത്തനങ്ങൾ നടത്തി. ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക്ക്, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, ജില്ലാ ഹോമിയോ ആയുർവേദ ആശുപത്രികളിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ എന്നിവയുടെ പ്രവർത്തനമികവ് പുരസ്‌കാരത്തിൽ നിർണായകമായി.









0 comments