ഇറച്ചിക്കറിയും പായസവും; ഇവിടെ ഉച്ചയൂണ്‌ കെങ്കേമം

കൂത്തുപറമ്പ് യുപി സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാർഥികൾ
avatar
രവീന്ദ്രൻ കോയിലോട്

Published on Jul 04, 2025, 03:00 AM | 1 min read

കൂത്തുപറമ്പ്

കൂത്തുപറമ്പ്‌ യുപി സ്‌കൂളിലെ ഉച്ചയൂണിന്റെ പ്രധാന ആകർഷണം രുചിയേറെയുള്ള നൂറുകൂട്ടം കറികൾക്ക്‌ തുല്യമായ ഇഞ്ചിപ്പച്ചടിയാണ്‌. ആഴ്ചയിൽ രണ്ടുദിവസം സാമ്പാർ, മറ്റ് ദിവസങ്ങളിൽ കൂട്ടുകറി, കാളൻ, തോരൻ, മസാലക്കറി, ഇഞ്ചിപ്പച്ചടി, പുഴുക്ക്, മുട്ട എന്നിങ്ങനെ രുചിമേളമാണ്‌ ഇവിടെ. ആഴ്ചയിൽ രണ്ടുദിവസം ബൂസ്റ്റ്, മാസത്തിൽ ഒരു തവണ ഇറച്ചിക്കറി, പായസം എന്നിവയുമുണ്ട്‌. ശിശുദിനം, പുതുവർഷംപോലുള്ള വിശേഷ ദിവസങ്ങളിൽ ബിരിയാണിയും നൽകും. ഇതിനൊക്കെ പുറമെയാണ്‌ പിറന്നാൾക്കുട്ടികളുടെ വകയുള്ള പായസവിതരണം. കുട്ടികളുടെ ഉച്ചഭക്ഷണ മെനു പരിഷ്കരണം ഇവർക്ക്‌ ഇരട്ടി സന്തോഷമാണ്‌. ഉപജില്ലാ യുപി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡിവിഷനും കുട്ടികളുമുള്ള സ്കൂളിൽ എൽകെജി, യുകെജി എന്നിവയുൾപ്പെടെ 774 കുട്ടികൾ പഠിക്കുന്നുണ്ട്‌. സർക്കാർ ഫണ്ടും അഭ്യുദയകാംക്ഷികളുടെ സഹായങ്ങളും ചേരുമ്പോൾ ആകർഷകമായ രുചിക്കൂട്ടൊരുക്കുന്നത് അധ്യാപകർക്കോ മാനേജ്മെന്റിനോ ഇതുവരെയും ബാധ്യതയായിട്ടില്ല. പഠനത്തോടൊപ്പം പഠനേതര പ്രവർത്തനങ്ങളിലും മുന്നിലായ സ്‌കൂളിൽ 50 കുട്ടികളാണ്‌ ഈ അധ്യയന വർഷം പുതുതായി പ്രവേശനംനേടിയത്‌. അധ്യാപക രക്ഷാകർതൃ സമിതിയും ഭക്ഷണ കമ്മിറ്റിയുംചേർന്നാണ് മെനു തയ്യാറാക്കുന്നത്. രണ്ട് പാചകത്തൊഴിലാളികളോടൊപ്പം മദർ പിടിഎ അംഗങ്ങളും സഹായിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home