തലശേരി രാജ്യാന്തര ചലച്ചിത്രമേളക്ക് നാളെ തിരിതെളിയും

തലശേരി രാജ്യാന്തര ചലച്ചിത്രമേള
വെബ് ഡെസ്ക്

Published on Oct 15, 2025, 03:00 AM | 1 min read

തലശേരി

കാഴ്ചയുടെ ആഘോഷമായ തലശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തിരിതെളിയും. ലിബർട്ടി തിയറ്ററിൽ വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയ സിനിമ അവാർഡ് നേടിയ നടി ഉർവശി വിശിഷ്ടാതിഥിയാകും. സ്പീക്കർ എ എൻ ഷംസീർ സംസാരിക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് നാലുനാൾ നീളുന്ന ചലച്ചിത്രോത്സവത്തിന് വേദിയൊരുക്കുന്നത്. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. 2024ൽ കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രി നേടിയ സിനിമയാണിത്. രാവിലെ 9.30ന് സിനിമാ പ്രദർശനം ആരംഭിക്കും. ഓപ്പൺഫോറത്തിലും മറ്റ് സാംസ്‌കാരിക പരിപാടികളിലും സിനിമാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. 19ന് സമാപന ദിവസം നടൻ വിജയരാഘവൻ പങ്കെടുക്കും. സിനിമാ നിർമാതാവ് ലിബർട്ടി ബഷീറിനെ ചടങ്ങിൽ ആദരിക്കും. മേളയിൽ അന്താരാഷ്ട്ര നിലവാരമുള്ള 55 സിനിമകൾ പ്രദർശിപ്പിക്കും. 31 ഇന്റർനാഷണൽ സിനിമകളും 10 ഇന്ത്യൻ സിനിമകളും 14 മലയാള സിനിമകളുമാണ് പ്രദർശിപ്പിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഓപ്പൺ ഫോറത്തിൽ പ്രമുഖതാരങ്ങൾ സംവദിക്കാനെത്തും. ഡെലിഗേറ്റ് ഫീസ് 354 രൂപയും വിദ്യാർഥികൾക്ക് 177 രൂപയുമാണ്. https://registration.iffk.in/ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ലിബർട്ടി തിയറ്ററിൽ ഓഫ് ലൈനായും രജിസ്റ്റർ ചെയ്യാം. 1300 പേർക്കാണ് അവസരം. 850 ലേറെ പേർ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home