കരിന്പത്ത് ശീതകാല പച്ചക്കറിത്തൈകൾ തയ്യാർ

കരിമ്പം ഫാമിൽ വിൽപ്പനക്ക് തയ്യാറാക്കിയ കാബേജ്, കോളിഫ്ലവർ തൈകൾ

സ്വന്തം ലേഖകൻ
Published on Nov 09, 2025, 02:00 AM | 1 min read
തളിപ്പറമ്പ്
തണുപ്പിൽ വിളയുന്ന ഗുണമേന്മയുള്ള പച്ചക്കറിത്തൈകളൊരുക്കി കരിമ്പം ജില്ലാ കൃഷിഫാം. കാബേജ്, കോളിഫ്ലവർ, കാപ്‌സിക്കം (കുടമുളക്) എന്നിവ മായമില്ലാതെ വീട്ടുമുറ്റത്ത് വിളയിക്കാനുള്ള ചെടികളാണ് ഫാമിൽ ഒരുക്കിയിട്ടുള്ളത്. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ചെലവുകുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കാവുന്ന അത്യുൽപ്പാദന ശേഷിയുള്ളതാണ് തൈകൾ. തണുപ്പ്കൂടിയ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ മികച്ചവിളവ് നൽകുന്ന ഹൈബ്രിഡ് ഇനമാണ് കാബേജ്, കോളിഫ്ലവർ, ക്യാപ്‌സിക്കം തൈകൾ. ആദ്യഘട്ടത്തിൽ 12,000 തൈകളാണ് വിൽപ്പനയ്‌ക്ക് തയ്യാറാക്കിയത്. ഒരടി വീതിയിലും അരയടി താഴ്ചയിലും ചാലുകൾ കീറിയോ തടമെടുത്തോ ചെടികൾ നടാം. നല്ല ഈർപ്പവും തണുപ്പും ചെടികൾ തഴച്ചുവളരുന്നതിന് സഹായിക്കും. വഴുതിന, മികച്ച വിളവ്‌നൽകുന്ന പച്ചമുളക്, തക്കാളി, കാന്താരി, വെണ്ട, പയർ തൈകളും വിൽപനയ്ക്ക് തയ്യാറായിട്ടുണ്ട്. ട്രേകളിലൊരുക്കിയ തൈകൾക്ക് മൂന്ന് രൂപയാണ് വില. കൂടാതെ ഫാമിൽ വിളയിച്ച വെണ്ട, പാവൽ, പടവലം, വെള്ളരി, മത്തൻ, കുമ്പളം, ചീര എന്നിവയുടെ നടീൽ വസ്തുക്കളും വിൽപനക്കുണ്ട്. 10 രൂപയാണ് വിത്തുകളുടെ വില. പച്ചക്കറികൃഷിയുടെ രോഗനിയന്ത്രണത്തിനുള്ള കുമിൾനാശിനിയായ ട്രൈക്കോഡർമ, സ്യുഡോമോണസ്, വാം, ട്രൈക്കോ കന്പോസ്‌റ്റ് എന്നിവയും ഫാമിലുണ്ട്. കൂന്പ് ചീയൽ തടയാനുള്ള ട്രൈക്കോ കേക്ക്, കീടനാശിനികളുടെ ഉപയോഗം തടയാനുള്ള ഹരിതകഷായം, ഫിഷ് അമിനോആസിഡ് എന്നിവയും വിൽപനയ്‌ക്കുണ്ട്. മികച്ച വിളവ് ലഭിക്കുന്ന ശീതകാല പച്ചക്കറികളുടെ തൈകളും വിത്തുകളും ജൈവളങ്ങളും മറ്റ് നടീൽവസ്‌തുക്കളും ഫാമിലെ പ്രത്യേക കൗണ്ടറുകൾവഴി കർഷകർക്ക് ലഭിക്കുമെന്ന് ഫാം സുപ്രണ്ട് കെ പി രസ്‌ന പറഞ്ഞു.









0 comments