ജീവിക്കാൻ വിടില്ല !

കണ്ണൂർ
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയതോടെ മലയോര കർഷകർ സമാനതകളില്ലാത്ത പ്രതിസന്ധിയിൽ. ഒരുവിധത്തിലും കർഷകരെ ജീവിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും കാട്ടുപന്നിയെ നിയമത്തിലെ 62-ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്രസർക്കാർ അത് നിർദയം തള്ളി. ഏറെ വിയർപ്പൊഴുക്കി ഉണ്ടാക്കിയ കാർഷിക വിഭവങ്ങളെല്ലാം പന്നിയും കുരങ്ങുമടക്കമുള്ള വന്യജീവികൾ നശിപ്പിക്കുകയാണ്. കാട്ടുപന്നികൾ മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ കൊല്ലാനുള്ള അവകാശം സംസ്ഥാന സർക്കാർ നേരത്തേ നൽകിയിരുന്നു. എന്നാൽ, കേന്ദ്ര വനനിയമത്തിൽ സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയത്. ഇത് മാറ്റില്ലെന്ന നിലപാട് പ്രഖ്യാപിച്ച് കർഷകരെ വെല്ലുവിളിക്കുകയാണ് കേന്ദ്രം. ജില്ലയിൽ ഗ്രാമ–-നഗര വ്യത്യാസമില്ലാതെ പന്നിശല്യമുണ്ട്. പിണറായി പഞ്ചായത്തിലെ പിണറായി വെസ്റ്റ്, എരുവട്ടി, മാടായി ഏരിയയിൽ പാണപ്പുഴ, ശ്രീസ്ഥ, പുറച്ചേരി, ഒറന്നിടത്തുച്ചാൽ, ഇരിട്ടി മേഖലയിൽ മാവുള്ളകരി, അത്തിത്തട്ട്, കീഴ്‌പ്പള്ളി, പേരട്ട, തൊട്ടിൽപ്പാലം, മാട്ടറ, കാലാങ്കി, എടക്കാനം, ആറളം, അമ്പലക്കണ്ടി, ചതിരൂർ, മുടിക്കയം, അത്തി, കൂത്തുപറമ്പിൽ വള്ള്യായി, ചെറുവാഞ്ചേരി, മാലൂർ, ചിറ്റാരിപ്പറമ്പ്, എരഞ്ഞോളി പഞ്ചായത്തിൽ എല്ലായിടത്തും കാട്ടുപന്നി ശല്യം രൂക്ഷമാണ്. കതിരൂർ പഞ്ചായത്തിൽ കുണ്ടുചിറ, പുല്യോടി, പൊന്ന്യംപാലം, ചോയ്യാടം മേഖലകളിൽ പന്നി ശല്യമുണ്ട്. പാനൂർ മേഖലയിലെ പൊയിലൂർ, പാലക്കൂൽ, കരിയാട്, പന്ന്യന്നൂർ, കൂരാറ എന്നിവിടങ്ങളിലും ന്യൂമാഹി പഞ്ചായത്തിൽ മങ്ങാട്, ഇയ്യത്തുംകാട് , പള്ളിപ്രം മേഖലകളിലും അഞ്ചരക്കണ്ടിയിലെ മുഴപ്പാല, മിടാവിലോട്, നരിക്കോട്, പറമ്പുക്കരി, മുരിങ്ങേരി, ആലക്കൽ എന്നിവിടങ്ങളിലും മയ്യിൽ ഏരിയയിലെ എല്ലാ പഞ്ചായത്തിലും. രാമന്തളി, കണ്ടങ്കാളി, കാനായി, മണിയറ, പെരിങ്ങോം മേഖലയിൽ ജോസ്ഗിരി, കോഴിച്ചാൽ കൊട്ടത്തലച്ചി, വാഴക്കുണ്ടം, കൂമ്പൻ കുന്ന്, താബോർ, മുതുവം, ചട്ടി വയൽ, ചാത്തമംഗലം, കോട്ടോൽ, കൂവപ്പൊയിൽ, ആലക്കോട് . മട്ടന്നൂരിൽ എളമ്പാറ, കാനാട്, കീഴല്ലൂർ എന്നിവിടങ്ങളിലും പന്നികളെ കൊണ്ട് പൊറുതിമുട്ടി. കണ്ണൂർ കോർപ്പറേഷനിലെ കണ്ണോത്തുംചാൽ, കിഴുന്ന, മാളികപ്പറമ്പ്, പെരളശേരി പഞ്ചായത്തിലെ ബാവോഡ് എന്നിവിടങ്ങളിലും പന്നികൾ വിഹരിക്കുന്നു. തളിപ്പറമ്പിൽ കോടല്ലൂർ, ആന്തൂർ, മോറാഴ, പട്ടുവം, കുറ്റ്യേരി, പന്നിയൂർ, കുറുമാത്തൂർ എന്നിവിടങ്ങളിലും ശല്യം പെരുകി.
വനം വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വേണം പ
രിസ്ഥിതി സംരക്ഷണത്തെ കർഷകസംഘം വിലമതിക്കുന്നു. മനുഷ്യരും പരിസ്ഥിതിയുടെ ഭാഗമാണ്. മനുഷ്യജീവനെക്കൂടി സംരക്ഷിക്കേണ്ട ചുമതല ഭരണസംവിധാനത്തിനുണ്ട്. അതു നിർവഹിക്കാൻ സന്നദ്ധരാകണം. മനുഷ്യന്റെ ജീവനും അതുപോലെ കൃഷിയും സംരക്ഷിക്കേണ്ട ചുമതല കേന്ദ്രസർക്കാരിനുണ്ട്. വനംവന്യജീവി സംരക്ഷണ നിയമം 1972ലാണ് നിലവിൽ വന്നത്. ഈ നിയമപ്രകാരമാണ് കൊല്ലാൻ സാധിക്കാത്തത്. മനുഷ്യരെ ആക്രമിക്കുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനും അതിനെ കൊല്ലുന്നതിന് സംസ്ഥാനസർക്കാരിന് കേന്ദ്രം അനുമതി നൽകണം. അതിനായി കേന്ദ്രസർക്കാർ വനംവന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തണം .
എം പ്രകാശൻ കർഷകസംഘം ജില്ലാസെക്രട്ടറി
ചമ്പാട്, -മനേക്കര മേഖലയിൽ പന്നിശല്യം രൂക്ഷം
പാനൂർ
പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട്, മനേക്കര മേഖലകളിൽ കാട്ടുപന്നികളും മുള്ളൻപന്നികളും കൃഷി വ്യാപകമായി നശിപ്പിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പാളിൽ ലക്ഷ്മണൻ, അധ്യാപകനായ പി രാജീവൻ എന്നിവരുടെ വാഴ, മഞ്ഞൾ കൃഷിയും കവുങ്ങിൻ –-- തെങ്ങിൻ തൈകളും നശിപ്പിച്ചു. മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപവും പാളിൽ, ചുമടത്തിൽ പറമ്പുകൾക്ക് സമീപത്തെ കുറ്റിക്കാടിനിടയിലും ചമ്പാട് പുഞ്ചക്കര വയലിലുമെല്ലാം പന്നികളുടെ ആവാസ കേന്ദ്രമുണ്ട്. ഇവയെ തുരത്താൻ പഞ്ചായത്ത് നടപടിയെടുക്കാത്തപക്ഷം കൃഷി ഉപേക്ഷിക്കുകയല്ലാതെ നിർവാഹമില്ലെന്ന് കർഷകർ പറയുന്നു. ഉപദ്രവകാരികളായ വന്യജീവികളെ കൊന്നൊടുക്കാനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ വീണ്ടും തളളിയ സാഹചര്യത്തിൽ പരിഹാരമെന്തന്നറിയാത്ത അവസ്ഥയിലാണ് പന്ന്യന്നൂർ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങൾ.
ആറളം ഫാമിൽ കാട്ടാന വീണ്ടും ഷെഡ് തകർത്തു
ഇരിട്ടി ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഏഴിൽ കാട്ടാന വീണ്ടും ഷെഡ് തകർത്തു. ഏഴാം ബ്ലോക്കിലെ രമണിയുടെ വീടിനോടുചേർന്ന ഷെഡാണ് തിങ്കൾ പുലർച്ചെ രണ്ടോടെ കാട്ടാന ചവിട്ടിത്തകർത്തത്. വീട്ടിൽ രമണിയും മകൾ സന്ധ്യയും ഉണ്ടായിരുന്നു. ഇരുവരും ഭയന്ന് വീട്ടിൽ കഴിഞ്ഞു. ഷെഡിൽ സൂക്ഷിച്ച തുണികൾ, പാത്രങ്ങൾ എന്നിവ ആക്രമണത്തിൽ ചിന്നിച്ചിതറി. മുറ്റത്തെ വാഴകളും കൃഷിയും ആന ചവിട്ടിത്തകർത്തു. പുനരധിവാസ മേഖലയിലെ വീടുകൾക്കും കുടിലുകൾക്കും ഷെഡുകൾക്കുംനേരെയാണ് തുടർച്ചയായി കാട്ടാനാക്രമണം. ഏഴ് കുടിൽ ഇതിനകം ആനകൾ തകർത്തു. വനംവകുപ്പ് കാട്ടിലേക്ക് തുരത്തിയെന്ന് അവകാശപ്പെട്ട കാട്ടാനകളാകെ ഫാമിലെ ജനവാസ മേഖലയിൽ തിരിച്ചെത്തിയതായാണ് ഫാം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും പറയുന്നത്. കടുത്ത ആശങ്കയിലും പേടിയിലുമാണ് ആറളം ഫാമിലെ കുടുംബങ്ങൾ.









0 comments