പിറന്നാൾ ആഘോഷത്തിനെത്തിയ വിദ്യാർഥികൾക്കുനേരെ ബിജെപി–-ആർഎസ്എസ് അക്രമം

തളിപ്പറമ്പ്
സഹപാഠിയുടെ പിറന്നാൾ ആഘോഷത്തിനെത്തിയ നാലു വിദ്യാർഥികൾക്കുനേരെ ബിജെപി–-ആർഎസ്എസ് അക്രമം. നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് സെക്രട്ടറിയുമായ യദുസാന്ത് (17), സുഹൃത്തുക്കളായ മുള്ളൂലിലെ ഋഷഭ്, സർസയ്യിദ് കോളേജിന് സമീപത്തെ നിവേദ്, പറപ്പൂലിലെ അർജുൻ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ബുധൻ രാത്രി ഒമ്പതരയോടെ തളിപ്പറമ്പ് കോടതിക്കുപിറകിൽ തൃച്ചംബരം റോഡിൽ ചിന്മയ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം. ഹെൽമറ്റും വടികളും ഉപയോഗിച്ച് അക്രമികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികളെ സന്തോഷ് കീഴാറ്റൂരാണ് രക്ഷിച്ച് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. ചിന്മയ സ്കൂളിൽ പഠിക്കുന്ന ഇവർ, സ്‌കൂളിന് മുന്നിലെ വീട്ടിൽ താമസിക്കുന്ന സഹപാഠി വൈഷ്‌ണവിന്റെ പിറന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ വത്സരാജിന്റെ സഹോദരൻ മനോഹരന്റെ മകനാണ് വൈഷ്‌ണവ്. വൈഷ്‌ണവിനൊപ്പം ഭക്ഷണവും കഴിച്ച് വീടിനുമുന്നിലെ റോഡരികിൽ സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അക്രമം. കഴുത്തിലും മുതുകിലും മർദനമേറ്റ വിദ്യാർഥികൾ നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. യദുസാന്ത് സന്തോഷ് കീഴാറ്റൂരിനെ ഫോണിൽ വിളിച്ചു. തുടർന്ന് സന്തോഷും സഹോദരൻ കെ ബിജുമോനും സംഭവസ്ഥലത്ത് എത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടു ദിവസംമുമ്പ് സന്തോഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ ചിന്മയ സ്‌കൂളിൽ നാടകപഠന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതിന്റെ മുഖ്യ സംഘാടകനായിരുന്നു യദുസാന്ത്. മർദിക്കുന്നതിനിടെ ‘നീയല്ലേ നാടകക്യാമ്പ് സംഘടിപ്പിച്ചത്’ എന്ന് ചോദിച്ചതായും യദുസാന്ത് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ചിന്മയ സ്‌കൂളിന് സമീപത്തെ വായനശാല സാമൂഹ്യവിരുദ്ധരുടെ താവളമാണ്. ഇവിടെ തമ്പടിച്ച് മദ്യപിച്ചിരുന്നവരാണ് പ്രകോപനമൊന്നുമില്ലാതെ വിദ്യാർഥികളെ തല്ലിച്ചതച്ചത്. ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ഉയർന്നുവരണമെന്നും ബിജെപി–- ആർഎസ്‌എസ് പ്രവർത്തകരായ പ്രതികളെ കുട്ടികൾക്കെതിരായുള്ള അതിക്രമം തടയൽ വകുപ്പുപ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നും സിപിഐ എം ഏരിയാ സെക്രട്ടറി കെ സന്തോഷ് ആശ്യപ്പെട്ടു. പരിക്കേറ്റ കുട്ടികളെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. യദുസാന്തിന്റെ പരാതിയിൽ മഹേഷിനും കണ്ടാലറിയാവുന്ന ഏഴുപേർക്കുമെതിരെ അന്യായമായി സംഘം ചേർന്നതിനും ഹെൽമറ്റ്‌കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും തളിപ്പറമ്പ് പൊലീസ് കേസെടുത്തു. മർദനമേറ്റ വിദ്യാർഥികളെ ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി കെ ശ്യാമള, സി എം കൃഷ്ണൻ എന്നിവരും ആശുപത്രിയിൽ സന്ദർശിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർ ഫോണിൽ വിളിച്ചും വിവരങ്ങൾ അന്വേഷിച്ചു.









0 comments