സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ഞുമ്മൽ ബോയ്‌സിന്റെ ‘ശബ്ദ’മായി ഷിജിൻ

ഷിജിൻ മെൽവിൻ ഹട്ടനും കുടുംബവും
വെബ് ഡെസ്ക്

Published on Nov 05, 2025, 03:00 AM | 1 min read

തലശേരി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘​മഞ്ഞുമ്മൽ ബോയ്‌സ്‌’ കണ്ടവർക്കെല്ലാം ഓർമയുണ്ടാകും ചങ്കിടിപ്പുകൂട്ടിയ നിമിഷങ്ങളിലെല്ലാം ആഴ്‌ന്നിറങ്ങിയ ശബ്ദവിന്യാസം. ഉള്ളുതൊടുന്ന ഇ‍ൗ മികവിന്‌ പിന്നിലും ഒരു തലശേരിക്കാരന്റെ കൈയൊപ്പുണ്ട്‌. ഇല്ലിക്കുന്നിലെ ഹട്ടൻസ്‌ കുടുംബാംഗം ഷിജിൻ മെൽവിൻ ഹട്ടൻ. സംസ്ഥാന ചലച്ചിത്ര അവാർഡ്‌. മഞ്ഞുമ്മൽ ബോയ്‌സിലെ ശബ്ദരൂപകൽപനയിലൂടെ മികച്ച ശബ്ദരൂപകൽപനക്കും ശബ്ദമിശ്രണത്തിനുമുള്ള പ്രഥമ സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന്റെ ത്രില്ലിലാണ്‌ ഇ‍ൗ തലശേരിക്കാരൻ. വർഷങ്ങളായി മുംബൈയിൽ താമസിക്കുന്ന ഷിജിൻ, ​സുഹൃത്തും സംഗീതസംവിധായകനുള്ള പുരസ്‌കാരജേതാവുമായ സുഷിൻ ശ്യാം വഴിയാണ്‌ മഞ്ഞുമ്മൽ ബോയ്‌സിലെത്തിയത്‌. തലശേരി സെന്റ്‌ജോസഫ്‌സിലെയും പിണറായി എകെജി മെമ്മോറിയൽ സ്‌കൂളിലെയും വിദ്യാഭ്യാസത്തിനുശേഷം ഷിജിൻ ചെന്നൈയിൽ സ‍ൗണ്ട്‌ എൻജിനിയറിങ് പഠനത്തിന്‌ ചേർന്നു. സ്‌കൂൾ ഓഫ്‌ ഓഡിയോ എൻജിനിയറിങ്ങിലെ പഠനം കഴിഞ്ഞ്‌ ഏതാനും വർഷം കൊച്ചിയിൽ. സ‍ൗണ്ട്‌ എൻജിനിയർ തലശേരി പുന്നോൽ സ്വദേശി ഷജിത്ത്‌ കൊയ്യേരിയാണ്‌ മുംബൈയിലേക്ക്‌ വഴിതുറന്നത്‌. ഭാര്യ ടീന എലിസബത്ത്‌ ചാക്കോയ്‌ക്കും മകൻ ഹെയ്‌ഡൻ ചെസ്‌റ്റർ ഹട്ടനുമൊപ്പം മുംബൈയിലാണ്‌ താമസം. സംഗീതപാരന്പര്യമുള്ള കുടുംബത്തിൽ നിന്നാണ്‌ ഷിജിന്റെ വരവ്‌. തലശേരി സബ്‌ട്രഷറിയിൽ നിന്ന്‌ വിരമിച്ച പാട്ടുകാരനായ അർച്ചി ഹട്ടന്റെ മകനാണ്‌.


ഏറെ സന്തോഷം

കരിയറിലെ വെല്ലുവിളിനിറഞ്ഞ വർക്‌ആയിരുന്നു മഞ്ഞുമ്മൽ ബോയ്‌സിലേതെന്ന്‌ ഷിജിൻ മെൽവിൻ പറഞ്ഞു. പ്രകൃതിയുടെ യഥാർഥ ശബ്ദം ആവശ്യമായിരുന്നു. വലിയ ഗുഹയും ചെറിയ ഗുഹയും അതിലെ ശബ്ദവുമടങ്ങുന്ന പ്രത്യേക ലോകം ശബ്ദത്തിലൂടെ ക്രിയേറ്റ്‌ ചെയ്യേണ്ടിവന്നു. റിയലിസ്‌റ്റിക്കായി ചെയ്യാനാണ്‌ ശ്രമിച്ചത്‌. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്‌. തലശേരിക്കടുത്ത ഒരു ഗ്രാമത്തിൽ നിന്ന്‌ സിനിമ മോഹവുമായി 20 വർഷം മുന്പ്‌ മുംബൈയിലെത്തിയതാണ്‌. ഹിന്ദി, തമിഴ്‌, മറാഠി ഭാഷകളിൽ സിനിമ ചെയ്‌തു. ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമാണിത്‌. അതും മലയാള ഭാഷയിൽനിന്നാവുന്പോൾ ആഹ്ലാദം ഏറെയാണ്‌. പ്രിയദർശൻ ചിത്രമായ ഹൈവാൻ, ചിത്രീകരണം പുരോഗമിക്കുന്ന ചിദംബരത്തിന്റെ ബാലൻ ഉൾപ്പെടെ മൂന്ന്‌ ചിത്രങ്ങളിൽ ഇപ്പോൾ വർക്‌ ചെയ്യുകയാണ്‌.–ഷിജിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home