പയ്യാന്പലത്ത് ആവേശത്തിരയായി കണ്ണൂർ വാരിയേഴ്സ്

കണ്ണൂർ ആര്‍ത്തിരന്പുന്ന പയ്യാന്പലത്തെ കടൽത്തിരമാലയ്ക്ക് മീതെ ആവേശത്തിര ഉയര്‍ത്തി കണ്ണൂർ വാരിയേഴ്‌സിന്റെ ടീം ലോഞ്ച്. പയ്യാന്പലത്ത് പ്രത്യേകം തയ്യാറാക്കിയ സ്റ്റേജിലേക്ക് വാരിയേഴ്സ് ടീം അംഗങ്ങള്‍ എത്തിയപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി. ആദ്യ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം വാരിയേഴ്സ് ടീം തിരിച്ചുപിടിക്കുമെന്ന് അരാധകര്‍ ആവേശത്തോടെ പ്രഖ്യാപിച്ചു. നടനും ക്ലബ്ബിന്റെ സെലിബ്രിറ്റി പാര്‍ട്ട്ണറുമായ ആസിഫ് അലിയുടെ സാന്നിധ്യവും ആരാധകരില്‍ ആവേശം നിറച്ചു. വൈകിട്ട് നാല് മുതല്‍ വാരിയേഴ്‌സ് ആരാധകരാല്‍ പയ്യാന്പലം കടല്‍ത്തീരം നിറഞ്ഞു. ആസിഫ് അലിയും ക്ലബ് ഭാരവാഹികളും ചേര്‍ന്ന് ജേഴ്‌സി പ്രകാശിപ്പിച്ചു. കണ്ണൂരിന്റെ സ്നേഹം എന്താണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ ഭാഗമായതെന്ന് ആസിഫ് അലി പറഞ്ഞു. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണുള്ള കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ഒഫീഷ്യല്‍ ടീം പ്രഖ്യാപനവും ജേഴ്‌സി അവതരണവും നടന്നു. ഫുട്‌ബോള്‍ കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ടീം അംഗങ്ങളെ അവതരിപ്പിച്ചു. കണ്ണൂര്‍ക്കാരന്‍ ഗോള്‍ കീപ്പര്‍ സി കെ ഉബൈദ്, സ്പാനിഷ് സ്‌ട്രൈക്കര്‍ അഡ്രിയാന്‍ സര്‍ഡിനേറോ, കാമറൂണ്‍ താരം എണസ്റ്റീന് ലാവ്സാംബ എന്നിവരെ സീസണിലെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ക്ലബ് ചെയര്‍മാന്‍ ഡോ. അസ്സന്‍കുഞ്ഞി, ഡയറക്ടര്‍മാരായ കെ എം വര്‍ഗീസ്, മിബു ജോസ് നെറ്റിക്കാടന്‍, സി എ മുഹമ്മദ് സാലിഹ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍, സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ജുവല്‍ ജോസ് എന്നിവര്‍ സംസാരിച്ചു. പരിപാടി കാണാനെത്തുന്നവര്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ട്, ബോള്‍ ജഗ്‌ളിങ്, ബോട്ടില്‍ ഫ്‌ളിപ്പ് തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിരുന്നു. വിജയികള്‍ക്ക് പ്രത്യേകം സമ്മാനവും നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യം കണ്ണൂര്‍ സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്ന കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ വനിതകള്‍ക്കും 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും ഗ്യാലറിയില്‍ സൗജന്യമായി കളികാണാം. ലീഗ് മത്സരങ്ങള്‍ക്കായിരിക്കും സൗജന്യം.









0 comments