‘ഈടെ നമ്മളെല്ലാരും മുന്നിലാ...’


അതുൽ ബ്ലാത്തൂർ
Published on Jul 14, 2025, 03:00 AM | 1 min read
കണ്ണൂർ
ഒരു കുഞ്ഞുകാര്യത്തിന്റെ വലിയ ത്രില്ലിലാണ് പാപ്പിനിശേരി വെസ്റ്റ് എൽപി സ്‌കൂളിലെ നന്ദകിഷോറും ഋഷികയും ശ്രീബാലയും ഗീതികയും ദക്ഷിണയുമുൾപ്പെടെയുള്ള മൂന്നാം ക്ലാസുകാർ. ‘ഈടെ നമ്മളെല്ലാരും മുന്നിലാ...’ ആ കോറസിലുണ്ട് അവരുടെ സന്തോഷം. ക്ലാസ്‌മുറിയിലെ പരിഷ്‌കാരമാണ് സംഭവം. ഒന്നിനുപുറകെ ഒന്നായുള്ള ഇരിപ്പിടം അർധവൃത്താകൃതിയിലാക്കിയതാണ് കൗതുകം. വിദ്യാർഥികളുടെ ഇരിപ്പിടത്തിലെ അസമത്വം ഒഴിവാക്കുന്നതായിരുന്നു ക്രമീകരണം. ക്ലാസിൽ ഇനി ‘ബാക്ക് ബെഞ്ചേഴ്‌സ്’, ‘ഫ്രണ്ട് ബെഞ്ചേഴ്‌സ്’ വേർതിരിവില്ല. പഠനത്തിലും പരിഗണനയിലും എല്ലാവരും ഒരേനിരക്കാരാകണം എന്നതാണ് ആശയം. ഇരിപ്പിടം റൊട്ടേഷനും വായനമൂലയും ഉൾപ്പെടെ തുല്യതയുമായി ബന്ധപ്പെട്ട ക്ലാസ് റൂം പരിഷ്‌കാരം പുതിയ കാര്യമല്ല. പക്ഷേ, ഇവിടെ പ്രചോദനമായത് ഒരു സിനിമയാണ് എന്നതാണ് കൗതുകം. മൂന്നാംക്ലാസിലെ അധ്യാപകനായ നായാട്ടുപാറ നിടുകുളത്തെ അമൽ ചന്ദ്രനാണ് ക്ലാസ് മുറിയിലെ ക്രമീകരണത്തിനു പിന്നിൽ. വിനേഷ് വിശ്വനാഥ് സംവിധാനംചെയ്ത ‘സ്ഥാനാർഥി ശ്രീക്കുട്ടൻ ’ സിനിമയാണ് പ്രചോദനം. സിനിമ കണ്ടപ്പോൾ അമലിന് സ്‌കൂൾകാലമോർമവന്നു. നിടുകുളം സ്‌കൂളിലെ അധ്യാപികയായിരുന്ന എം കെ ആശ ഒന്നുമുതൽ നാലുവരെ ക്ലാസിൽ വിവേചനമില്ലാതെയായിരുന്നു ഇരുത്തിയത്. ആ മാറ്റം ക്ലാസിലും കൊണ്ടുവരണമെന്നുതോന്നി. സഹാധ്യാപകരോടും കുട്ടികളോടും രക്ഷിതാക്കളോടും അഭിപ്രായം തേടി. എല്ലാവരും പിന്തുണച്ചു. ഒരുപാട് കുട്ടികളില്ല എന്നതും മെച്ചമായി. അങ്ങനെ എല്ലാവരും വട്ടത്തിലിരുന്നു. വേർതിരിവുകളെ പടിക്കുപുറത്താക്കുന്ന പാഠം പഠിച്ചു. ലിംഗം, ജാതി, മതം, സാമൂഹിക -സാമ്പത്തിക പശ്ചാത്തലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്നതും ‘ഗുരുപൂജ’യിലൂടെ വിദ്യാർഥികളെ അധ്യാപകരുടെ പാദസേവകരാക്കുന്നതും ചർച്ചചെയ്യുമ്പോൾ തുല്യതയുടെ പാഠം പഠിപ്പിക്കുന്നത് വിലപ്പെട്ടതാണെന്ന് രക്ഷിതാക്കളും പറയുന്നു.









0 comments