ചോരപടർന്ന ലോക്കപ്പ് നിലവിളിക്കുന്നുണ്ടിപ്പോഴും...

കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ
സുപ്രിയ സുധാകർ
Published on Jun 21, 2025, 02:00 AM | 1 min read
കണ്ണൂർ
കൂത്തുപറമ്പ് സ്‌പെഷ്യൽ സബ്‌ജയിലിലെ ഇരുണ്ടമുറികളിൽ ഇന്നും മായാതെയുണ്ട് കൊടിയ മർദനത്തിന്റെ ചോരപ്പാടുകൾ. അടിയന്തരാവസ്ഥയിൽ മനുഷ്യത്വം മരവിച്ച നിയമപാലകർ ചോരക്കളമാക്കിയ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനും ലോക്കപ്പും ഇന്ന് സ്‌പെഷ്യൽ സബ്ജയിലാണ്. അടിയന്തരാവസ്ഥയുടെ നാളുകളിൽ ജീവൻപിടയുന്ന നിലവിളികളും ചോരപടർന്ന ലോക്കപ്പുകളും സ്ഥിരം കാഴ്‌ചയായിരുന്നു. കൂത്തുപറമ്പ് എംഎൽഎയായിരിക്കെ പിണറായി വിജയനെ പൊലീസ് ലോക്കപ്പിൽ മർദിച്ചത് നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായതോടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനും ലോക്കപ്പും അടിയന്തരാവസ്ഥയിലെ കറുത്ത അധ്യായങ്ങളിൽ ഒന്നായി. വർഷങ്ങൾക്കിപ്പുറം 2022ലാണ് പഴയ പൊലീസ് സ്‌റ്റേഷന്റെ ലോക്കപ്പ് നിലനിർത്തി നിർമിച്ച കൂത്തുപറമ്പ് സ്‌പെഷ്യൽ സബ്‌ജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചത്. 1975ൽ കൂത്തുപറമ്പ് എംഎൽഎ ആയിരുന്നപ്പോഴാണ് പിണറായി വിജയനെ പൊലീസ് ലോക്കപ്പിലടച്ചത്. ഉയർന്ന ഉദ്യോഗസ്ഥരെത്തി മർദിച്ച സംഭവം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായി. ചോരപുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി പിണറായി നിയമസഭയിൽ അടിയന്തരാവസ്ഥയുടെ ഭീകരത വെളിപ്പെടുത്തി. നിരവധി കമ്യൂണിസ്‌റ്റ് നേതാക്കൾക്ക് ലോക്കപ്പിൽ ക്രൂരമർദനമേറ്റു. ഗരുഡൻ തൂക്കം ഉൾപ്പെടെയുള്ള മർദനമുറകളുണ്ടായിരുന്നു. 1871ൽ ബ്രിട്ടീഷുകാരുടെ കാലത്താണ് കോട്ടയം രാജവംശത്തിന്റെ ആസ്ഥാനമായ കോട്ടയം അങ്ങാടിയിൽ പൊലീസ് സ്‌റ്റേഷൻ സ്ഥാപിക്കുന്നത്. 1878ൽ കൂത്തുപറമ്പ് കോടതി, സബ്‌ജയിൽ എന്നിവയോട് ചേർന്ന് പൊലീസ് സ്‌റ്റേഷൻ മാറ്റി സ്ഥാപിച്ചു. പിന്നീട്, തലശേരിയിൽ സബ്‌ജയിൽ വന്നതോടെ കൂത്തുപറമ്പ് സബ്‌ജയിൽ പ്രവർത്തനം നിർത്തി. ഏറെക്കാലം പൊലീസ് ലോക്കപ്പായും സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസായും പ്രവർത്തിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്ത് കൂത്തുപറമ്പ് സബ്‌ജയിലിലെ കൊടിമരത്തിൽ ബ്രിട്ടീഷുകാരുടെ പതാക താഴ്‌ത്തി ഇന്ത്യൻ പതാക ഉയർത്തിയ ചരിത്രവുമുണ്ട്. കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിർമിച്ചതോടെയാണ് ഈ കെട്ടിടത്തിൽനിന്ന് പൊലീസ് സ്റ്റേഷനും ലോക്കപ്പും മാറ്റിയത്. ഏഴ് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം നിലച്ചെങ്കിലും ബ്രിട്ടീഷുകാർ നിർമിച്ച പഴയ ജയിൽമുറികളും പൊലീസ് സ്‌റ്റേഷൻ കെട്ടിടവും ഉപയോഗപ്പെടുത്തിയാണ് കോടതിക്ക് സമീപത്ത് സബ്‌ജയിൽ നിർമിച്ചത്.









0 comments