ഇന്ന് -സംരംഭകത്വദിനം
ജില്ലയിൽ സംരംഭക കുതിപ്പ്, ലക്ഷ്യം കടന്നും മുന്നോട്ട്


അതുൽ ബ്ലാത്തൂർ
Published on Aug 21, 2025, 03:00 AM | 2 min read
കണ്ണൂർ
സംരംഭകത്വരംഗത്ത് ജില്ലയിൽ വൻ മുന്നേറ്റം. സംസ്ഥാന സർക്കാർ, വ്യവസായ വാണിജ്യ വകുപ്പുവഴി നടപ്പാക്കുന്ന ‘ഒരുവർഷം ഒരുലക്ഷം സംരംഭം’ പദ്ധതിയിൽ 8100 സംരംഭമായിരുന്നു ടാർജറ്റ്. നിലവിൽ 8107 സംരംഭങ്ങളാണ് തുടങ്ങിയത്. ഇതുവഴി 675.66 കോടി രൂപയുടെ നിക്ഷേപവും 16,690 പേർക്ക് തൊഴിലും സാധ്യമായി. മികച്ചപ്രവർത്തനം, 000മികച്ച ഫലം പുതിയ തൊഴിലവസരങ്ങളുണ്ടാവുന്നതും പുത്തൻ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ ലഭ്യമാകുന്നതും പുതിയ ആശയങ്ങൾ ചിറകിലേറുന്നതും സമൂഹം വികസിക്കുന്നതിന്റെ അടയാളമാണ്. സാമൂഹികവളർച്ചയിൽ സംരംഭകത്വത്തിന് നിർണായക പങ്കുണ്ട്. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കൊണ്ടുവരുന്നതിലും ജില്ലയുടെ വ്യാവസായിക വളർച്ച ത്വരിതപ്പെടുത്തുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും മികവുറ്റ പ്രവർത്തനങ്ങൾക്കാണ് ജില്ലാ വ്യവസായ വകുപ്പ് നേതൃത്വം നൽകുന്നത്. സംരംഭക വർഷം 3.0 പദ്ധതിയുടെ ഭാഗമായി 81 തദ്ദേശ സ്ഥാപനങ്ങളിൽ ബിടെക്, എംബിഎ യോഗ്യതയുള്ള 94 ഇന്റേൺമാരെ നിയമിച്ചു. 81 ജനറൽ ഓറിയന്റേഷൻ പരിപാടിയും നടത്തി. 4736 പേരാണ് ഇതിന്റെ ഭാഗമായത്. തദ്ദേശസ്ഥാപനങ്ങളിൽ സംരംഭക ഹെൽപ് ഡസ്കും ആരംഭിച്ചിരുന്നു. വിവിധ വകുപ്പുകൾ, ബാങ്കുകൾ എന്നിവയെ ഏകോപിപ്പിച്ച് സംരംഭകസഭ/ലോൺമേള നടത്തി. സംരംഭകത്വ സഹായ പദ്ധതിയിൽ മുഴുവൻ തുകയും സ്ഥിരമൂലധന നിക്ഷേപത്തിന്റെ 15മുതൽ 30 ശതമാനംവരെ സാമ്പത്തിക ധനസഹായം നൽകുന്നതാണ് സംരംഭകത്വ സഹായ പദ്ധതി. 2024–-25 സാമ്പത്തിക വർഷത്തിൽ 3.48 കോടി രൂപയാണ് ഇൗ ഇനത്തിൽ ലഭിച്ചത്. 39 യൂണിറ്റുകൾക്കായി മുഴുവൻ തുകയും അനുവദിച്ചു. പിഎംഇജിപി പദ്ധതിയിൽ 370 പേർക്കായി 1009.65ലക്ഷം രൂപ മാർജിൻ മണി സബ്‌സിഡിയായും നൽകി. ജില്ലാതല ഏകജാലക സംവിധാനത്തിൽ ലഭിച്ച മുഴുവൻ അപേക്ഷകളും തീർപ്പാക്കിയാണ് മുന്നോട്ട് പോകുന്നത്. കെ-–സ്വിഫ്റ്റ് ഓൺലൈൻ വഴി 896 സംരംഭകർക്കാണ് സ്വയം സാക്ഷ്യപത്രം പരിശോധിച്ച് തത്സമയം കൈപ്പറ്റ് സാക്ഷ്യപത്രം ലഭ്യമായത്. എംഎസ്എംഇ ഇൻഷുറൻസ് പദ്ധതിയിൽ 88 യൂണിറ്റുകൾക്ക് പരിരക്ഷയും ഉറപ്പാക്കി. നാലുവർഷം കൊണ്ട് 100 കോടി ടേൺ ഓവറിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിഷൻ 1000 പദ്ധതിയിൽ 12 എംഎസ്‌എഇകളെ തെരഞ്ഞെടുത്തതും രണ്ട് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങിയതും ക്യാമ്പസ് വ്യവസായ പാർക്കിനുള്ള നടപടി അന്തിമഘട്ടത്തിലെത്തിയതും വലിയ നേട്ടമാണ്. സംരംഭക അഭിരുചി വളർത്താൻ സാമ്പത്തിക സഹായം ഉൾപ്പെടെ നൽകി വിദ്യാലയങ്ങളിൽ സംരംഭക ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.









0 comments