ആറരലക്ഷം വീടുകൾ പൂർത്തീകരിക്കും: മന്ത്രി എം ബി രാജേഷ്

കോളയാട്
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഭവനപദ്ധതിയിൽ ആറര ലക്ഷം വീടുകൾ പൂർത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം ബി രാജേഷ്. കോളയാട് പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനവും ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച 288 വീടുകളുടെ താക്കോൽ കൈമാറലും നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സമസ്തമേഖലകളിലും വൻവികസനത്തിനാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്. പശ്ചാത്തല വികസനത്തിൽ മാത്രമല്ല സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും വിപുലമായ പദ്ധതികളാണ് നടപ്പാക്കിയത്. കെ സ്മാർട്ട് സംവിധാനത്തിലൂടെ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ എല്ലാ സേവനങ്ങളും ഫോണിലൂടെ ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനമായി കേരളം മാറി. കൂടാതെ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമായും കേരളത്തെ പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. കോളയാട് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിലൂടെ അർഹരായ 384 കുടുംബങ്ങളെ കണ്ടെത്തി കരാറിൽ ഉൾപ്പെടുത്തിയിരുന്നു. അതിൽ 288 കുടുംബങ്ങളുടെ ഭവനമാണ് പൂർത്തിയായത്. പതിനാല് കോടി ഇരുപത്തിമൂന്നുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായി. മുൻ എംഎൽഎ ഇ പി ജയരാജന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് തൊണ്ണൂറു ലക്ഷം രൂപയാണ് പുതിയ പഞ്ചായത്ത് കെട്ടിടത്തിനായി അനുവദിച്ചത്. മൂന്നു നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ പ്രസിഡന്റിന്റെ ഓഫീസ്, അനുബന്ധ ഓഫീസുകൾ എന്നിവയും ഒന്നാംനിലയിൽ കൃഷിഭവനും , രണ്ടാംനിലയിൽ കുടുംബ ശ്രീ ഓഫീസും പ്രവർത്തിക്കും. കെ സുധാകരൻ, എം റിജി, വി ഗീത , കെ ഇ സുധീഷ് കുമാർ, എ ടി കുഞ്ഞഹമ്മദ്, ഉമാദേവി, ടി ജയരാജൻ, സിനിജ സജീവൻ, റീന നാരായണൻ, കെ വി ജോസഫ്, സി ശകുന്തള , കെ പി സുരേഷ് കുമാർ, ടി ജെ അരുൺ, എം പി വിനോദ് കുമാർ, ആർ ഹരി, ശ്രീജ ബാട്ടി, എ സി. അനീഷ് എന്നിവർ സംസാരിച്ചു.









0 comments