ജീവജാലങ്ങളെ സ്‌നേഹിച്ച ‘മാർക്കി’ന്‌ 10 വയസ്‌

റെസ്‌ക്യൂ ടീം

മാർക്ക്‌ അംഗങ്ങൾ

avatar
സുപ്രിയ സുധാകർ

Published on Jan 06, 2025, 12:16 AM | 2 min read

കണ്ണൂർ

എവിടെയെങ്കിലും പാമ്പിനെയോ പരിക്കേറ്റ മൃഗങ്ങളെയോ കണ്ടാൽ ആദ്യം വിളിക്കുക ‘മാർക്കി’നെയാണ്‌. സംഘടനയുടെ 15 അംഗ റെസ്‌ക്യൂ ടീം വിളിപ്പുറത്ത്‌ എത്തും എന്നതിനാലാണിത്‌. പരിസ്ഥിതി സംരക്ഷണത്തിലൂന്നി ജനവിശ്വാസം നേടിയ മാർക്ക്‌ (മലബാർ അവയർനെസ്‌ ആൻഡ്‌ റസ്‌ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫ്‌) പത്ത്‌ വർഷം പിന്നിടുമ്പോൾ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയാണ്‌. മനുഷ്യ–- വന്യജീവി സംഘർഷം ഒഴിവാക്കാനും അന്യംനിന്നു പോകുന്ന ജീവജാലങ്ങളെ സംരക്ഷിക്കാനും പാമ്പുകടിയേറ്റവർക്ക്‌ കൗൺസലിങ്‌ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമാണ്‌ ലക്ഷ്യമിടുന്നത്‌. പത്താം വാർഷികം താളിക്കാവ്‌ ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ 12ന്‌ വൈകിട്ട്‌ അഞ്ചിന്‌ നടക്കും. കണ്ണൂർ, കാസർകോട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളിൽ സ്വന്തമായൊരു ഇടം നേടാൻ മാർക്കിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഡോ. ആർ റോഷ്‌നാഥ്‌, റിയാസ്‌ മാങ്ങാട്‌, ആഷ്‌ലി ജോസ്‌ എന്നിവരുടെ സൗഹൃദകൂട്ടായ്‌മയിലാണ്‌ മാർക്കിന്‌ തുടക്കം കുറിച്ചത്‌. അങ്ങാടിക്കുരുവികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ പഠനം നടത്തി അവയ്‌ക്ക്‌ നഗരങ്ങളിൽ ഉൾപ്പെടെ കൂടുകൾ സ്ഥാപിച്ച്‌ പ്രവർത്തനം തുടങ്ങി. പിന്നീട്‌ സർക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേർന്ന്‌ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കടൽപ്പരുന്ത്‌, കൊറ്റില്ലങ്ങൾ, കന്യാസ്‌ത്രീ കൊക്ക്‌, ബുദ്ധമയൂരി, തണ്ണീർത്തടങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ നിരവധി പ്രവർത്തനം നടത്തി. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുമായി സഹകരിച്ച്‌ കാട്ടാമ്പള്ളി തണ്ണീർത്തടത്തിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച്‌ സർവേ നടത്തി പുസ്‌തകം പ്രസിദ്ധീകരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ സംഘടനയ്‌ക്കുള്ള അവാർഡ്‌ 2019ലും വനംവന്യജീവി വകുപ്പിന്റെ വനമിത്ര അവാർഡ്‌ 2021ലും മാർക്കിനെ തേടിയെത്തി. പാമ്പുകൾ, ആമ, കടലാമ എന്നിവയുടെ മുട്ടകൾ വിരിയിച്ചു. കാറ്റിലും മഴയിലും കരയിലേക്ക്‌ എത്തുന്ന കടൽപ്പക്ഷികളെ സംരക്ഷിച്ച്‌ തിരിച്ചയച്ചു. പരിക്കേറ്റ്‌ പറക്കാനാകാതെ കിടന്ന യൂറേഷ്യൻ കഴുകനെ മൂന്ന്‌ മാസത്തോളം ശുശ്രൂഷിച്ച്‌ പറത്തിവിട്ടു. പരിക്കേറ്റ പക്ഷികളെയും മൃഗങ്ങളെയുും പാർപ്പിച്ച്‌ ശുശ്രൂഷിക്കാനുള്ള റെസ്‌ക്യൂ സെന്റർ നിർമിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡോ. റോഷ്‌നാഥ്‌ പറഞ്ഞു. പൂമ്പാറ്റകൾക്കായി പൂന്തോട്ടങ്ങൾ, പ്രകൃതി ക്യാമ്പുകൾ, അന്യംനിന്നുപോകുന്ന മണവാട്ടി തവള, കടൽപ്പരുന്ത്‌, കടലാമ, അണ്ണാൻ, നാടൻമുഷു, വരാൽ, വെരുക്‌, നാടൻ ഒച്ച്‌, നീർക്കോലി, പച്ചത്തവള എന്നിവയെ സംരക്ഷിക്കൽ തുടങ്ങി നിരവധി പദ്ധതികളാണ്‌ പത്താം വാർഷികത്തിൽ ആസൂത്രണം ചെയ്യുന്നത്‌. വിവിധ പരിപാടികളുടെ സഹകരണത്തിനായി സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയുമായി ധാരണയായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home