ഗുരുവായൂരിന്റെ അമൃതജലം

ഗുരുവായൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ്

ഗുരുവായൂർ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ പ്ലാന്റ്

വെബ് ഡെസ്ക്

Published on Jul 23, 2025, 12:26 AM | 1 min read


ഗുരുവായൂർ
ഒരാൾക്ക്‌ 150 ലിറ്റർ വെള്ളം എന്ന കണക്കിൽ പ്രതിദിനം 1.5 കോടി ലിറ്റർ ശുദ്ധജലം വിതരണം ചെയ്‌ത് മാതൃക സൃഷ്‌ടിക്കുകയാണ്‌ ഗുരുവായൂർ നഗരസഭ. നഗരസഭാ പരിധിയിലെ മുഴുവൻ താമസക്കാർക്കും ഗുരുവായൂരിൽ ദർശനത്തിനെത്തുന്ന ആയിരക്കണക്കിന്‌ പേർക്കും ദേവസ്വം സ്ഥാപനങ്ങളിലേക്കും ആവശ്യമായ കുടിവെള്ളമാണ്‌ ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നത്‌. ഗുരുവായൂരിന്റെ തനത് കുടിവെള്ള പദ്ധതിയാണിത്‌. ​കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നഗരവികസനത്തിനുള്ള അമൃത് പദ്ധതിയിൽ 150.88 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 2050ൽ ഉണ്ടാകാവുന്ന ജനസംഖ്യ കണക്കാക്കിയാണ്‌ പദ്ധതിക്ക്‌ രൂപം നൽകിയത്‌. കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റഗുലേറ്ററിന് സമീപം ഒമ്പത് മീറ്റർ വ്യാസമുള്ള കിണർ നിർമിച്ചാണ് വെള്ളം എടുക്കുന്നത്. 40 കിലോമീറ്റർ ദൂരം പൈപ്പിട്ടാണ്‌ ഗുരുവായൂർ കോട്ടപ്പടിയിലെ 1.5 കോടി ലിറ്റർ ശുദ്ധീകരണ പ്ലാന്റിൽ വെള്ളമെത്തിക്കുന്നത്. നഗരസഭാ പരിധിയിൽ 120 കിലോമീറ്ററോളം പൈപ്പ് സ്ഥാപിച്ച് വിതരണ ശൃംഖല ഒരുക്കി. ചൂൽപ്പുറം, വാട്ടർ അതോറിറ്റി ഓഫിസ്, ഇടപ്പുള്ളി ജാറം റോഡ് എന്നിവിടങ്ങളിലാണ് കോട്ടപ്പടിയിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്ന്​ വെള്ളമെത്തുക. വാട്ടർ അതോറിറ്റിയുടെ നാട്ടിക പ്രോജക്ട് ഡിവിഷനായിരുന്നു നിർമാണ ചുമതല. നിർമാണം പൂർത്തീകരിച്ച്‌ വാട്ടർ അതോറിറ്റിയുടെ പബ്ലിക്​ ഹെൽത്ത് ഡിവിഷന് കൈമാറി. പബ്ലിക്​ ഹെൽത്ത് ഡിവിഷന്റെ പ്രത്യേക വിഭാ​ഗത്തിനാണ്‌ ഗുരുവായൂർ സമ​ഗ്ര കുടിവെള്ള പദ്ധതിയുടെ ദൈനംദിന നിർവഹണ ചുമതല. കുടിവെള്ളം ഏവരുടേയും അവകാശമാണെന്ന ബോധ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ പ്രേരിപ്പിച്ചതെന്ന് ന​ഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു. ദൈനംദിനം ഉയർന്നുവരുന്ന തടസ്സങ്ങളേയും കേടുപാടുകളേയും യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചാണ്‌ പദ്ധതി യാഥാർഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home