കുറഞ്ഞ നിരക്കിൽ മെച്ചപ്പെട്ട ചികിത്സ
തൃശൂർ മെഡി. കോളേജിൽ ആധുനിക വന്ധ്യതാ നിവാരണ ക്ലിനിക്ക്

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ വന്ധ്യതാനിവാരണ ക്ലിനിക്
തൃശൂർ
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഐവിഎഫ് സൗകര്യത്തോടുകൂടിയ ആധുനിക വന്ധ്യതാ നിവാരണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. വിവാഹശേഷം വർഷങ്ങൾ കാത്തിരുന്നിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തവർക്ക് ആശ്രയകേന്ദ്രമാവുകയാണ് വന്ധ്യതാനിവാരണ ക്ലിനിക്ക്. 2014 മുതൽ ഇവിടെ ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഐവിഎഫ് സംവിധാനം ഉണ്ടായിരുന്നില്ല. ജൂലൈയിലാണ് ഐവിഎഫ് സൗകര്യങ്ങളോടുകൂടിയ ക്ലിനിക്ക് പ്രവർത്തനം തുടങ്ങിയത്. കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെയാണ് തൃശൂരിലും ഈ സൗകര്യം ലഭ്യമായത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്ന് ഗൈനിക് ആൻഡ് ഒബ്സ്ടെട്രിക് പ്രൊഫസർ എ വി ദീപക് പറയുന്നു. ഭാവിയിൽ ഒരു റീപ്രൊഡക്ടീവ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റായി വളർത്തുവാനുള്ള പദ്ധതിയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വന്ധ്യതാനിർണയം, ബീജ പരിശോധന, ഐയുഐ, ഐവിഎഫ്, ഐസിഎസ്ഐ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. ഇതിനുപുറമേ, താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി ഒരു പ്രത്യേക ഓപ്പറേഷൻ തിയറ്റർ സംവിധാനം സജ്ജമാക്കും. രജിസ്ട്രേഷൻ ഫീസ് 200 രൂപയും ഫോളിക്കുലാർ സ്റ്റഡിക്ക് 400 രൂപയും തുടർന്നുള്ള ഫോളിക്കുലാർ സ്റ്റഡിക്ക് 50 രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. ഐയുഐ ചികിത്സയ്ക്ക് 1000 രൂപയും ഡോണർ ഉപയോഗിച്ചുള്ള ഐയുഐ ചികിത്സയ്ക്ക് 1500 രൂപയുമാണ് നിരക്ക്. ഡയഗ്നോസ്റ്റിക് ലാപ്രോസ്‌കോപ്പി, ഓപ്പറേറ്റീവ് ലാപ്രോസ്‌കോപ്പി, ലാപ്രോടമി എന്നിവയ്‌ക്ക് 5000 രൂപ വീതമാണ് ഈടാക്കുന്നത്. ഐവിഎഫ് ചികിത്സാ നിരക്ക് 60,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെയാണ് ഒപി സേവനം. കൗൺസലിങ് ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടെ ചികിത്സ നൽകുന്നത്. പുതിയ രജിസ്‌ട്രേഷനുകൾ എല്ലാ ബുധനാഴ്ചയും ഉണ്ടായിരിക്കും. മൂന്ന് ഡോക്ടർമാർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു ലാബ് ടെക്നീഷ്യൻ, ഒരു മൾട്ടിപർപ്പസ് വർക്കർ, ഒരു കൗണ്ടർ സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘമാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. പ്രവർത്തനമാരംഭിച്ച് രണ്ട് മാസത്തിനകം കേരളത്തിനകത്തും പുറത്തുനിന്നുമായി 90-ഓളം ദമ്പതികൾ ഇവിടെ ചികിത്സ തേടിയെത്തി.









0 comments