ചേർപ്പിലെ ‘തൃശൂർ പൂരം’ ഹൈദരാബാദിലേക്ക്

ചേർപ്പ്‌ ശില്പിക ആർട്ടിസാൻസ് ഗ്യാലറി ഒരുക്കിയ  തൃശൂർ പൂരത്തിന്റെ  ശിൽപ്പം

ചേർപ്പ്‌ ശില്പിക ആർട്ടിസാൻസ് ഗ്യാലറി ഒരുക്കിയ തൃശൂർ പൂരത്തിന്റെ ശിൽപ്പം

avatar
സ്വന്തം ലേഖകൻ

Published on Sep 17, 2025, 12:28 AM | 1 min read


ചേർപ്പ്

ഒറ്റത്തടിയിൽ തീർത്ത 15 കൊന്പന്മാർ നെറ്റിപ്പട്ടവും കോലവുമേന്തി നിലയുറപ്പിച്ചു. ഓരോ ആനപ്പുറത്തും മുത്തുക്കുടകളും വെൺചാമരവും ആലവട്ടവും. ആനപ്പുറത്ത്‌ നാലാൾ വീതവുമുണ്ട്‌. കൊമ്പൻമാർക്ക് മുമ്പിൽ ചെണ്ടയും ഇലത്താളവും കുറുംകുഴലും കൊമ്പുമായി 51 മേളക്കാരും പന്തക്കാരുമെല്ലാമുണ്ട്‌. വാദ്യഘോഷങ്ങളില്ലെങ്കിലും ഇതാ തൃശൂർ പൂരത്തിന്റെ മനോഹരമായ കുടമാറ്റ ദൃശ്യ ശിൽപ്പം ഒരുങ്ങി. ചേർപ്പിൽ ഒരുക്കിയ തൃശൂർ പൂരം ഇനി ഹൈദരാബാദിലും കാണാം. തൃശൂർ പൂരദൃശ്യം ഒട്ടും മാറ്റ് കുറയാതെ അതേ മട്ടിൽ അത്ഭുതകരമായ കരവിരുതിൽ മരത്തിൽ പുനസൃഷ്ടിച്ചിരിക്കുകയാണ് ചേർപ്പിലെ കലാകാരൻമാർ. ശില്പിക ആർട്ടിസാൻസ് ഗ്യാലറിയുടെ ഉടമ തെക്കിനിയേടത്ത് അരുണും 65 വർഷമായി ശിൽപ്പകലാ മേഖലയിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലെ തൊഴിലാളികളും ചേർന്നാണ് വിസ്മയക്കാഴ്ചയൊരുക്കിയത്. ഒറ്റത്തടിയിലാണ്‌ 15 ആനകളെ തീർത്തത്‌. ചെണ്ടയും ഇലത്താളവും കുറുംകുഴലും കൊമ്പുമായി 51 മേളക്കാരെയും മരത്തിൽ നിർമിച്ചു. ആനകളുടെ കൊമ്പിൽ പിടിച്ച് ആനപ്പാപ്പാൻമാർ. കാഴ്‌ചക്കാരായ പുരുഷാരവും ബലൂൺ കച്ചവടക്കാരും തുടങ്ങി പൂര വൈബുകളെല്ലാം മരത്തിൽ കൊത്തിയെടുത്തു. ആനകൾ 12 ഇഞ്ചും ആളുകൾ ആറ്‌ ഇഞ്ചുമാണ്‌ ഉയരം. പൂരത്തിന്റെ മേളാരവത്തിനൊപ്പം ഉയരുന്ന കാണികളുടെ കൈകളും ഉയരുന്ന ആലവട്ടവും വെൺചാമരവുമെല്ലാം തനി പൂരപ്രതീതി പകരുന്നുണ്ട്‌. രണ്ട് വർഷത്തിലധികം നീണ്ട പ്രയത്നത്തിലൂടെയാണ് ശിൽപ്പം പൂർത്തിയാക്കിയതെന്ന്‌ അരുൺ പറഞ്ഞു. ഹൈദരാബാദുകാരനായ ശ്രീനിവാസന്റെ ആവശ്യപ്രകാരമാണ് ശിൽപ്പം ഒരുക്കിയത്. ശിൽപ്പം തീർക്കാനായതിൽ സന്തോഷമുണ്ടെന്നും കുറേക്കൂടി വലുപ്പത്തിൽ ഇനിയും പൂര ദൃശ്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home