വീണ്ടും കലുങ്ക് നാടകം

സി എസ് സുനിൽ
Published on Sep 22, 2025, 12:30 AM | 1 min read
ഏങ്ങണ്ടിയൂർ
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി അനുമതി ലഭിച്ച പൊക്കുളങ്ങര ഫൂട്ട് ഓവർ ബ്രിഡ്ജിന് വീണ്ടും ‘അനുമതി തേടി’ കലുങ്ക് സൗഹൃദ സദസ്സിൽ നിവേദനം നൽകി നടത്തിയ നാടകം പൊളിഞ്ഞു. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു സുരേഷ് ഗോപിക്കായി പിആർ നീക്കം നടത്തിയത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ശനിയാഴ്ച നടന്ന കലുങ്ക് സൗഹൃദ സദസ്സിലാണ് ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ പേരിൽ നിവേദനം നൽകൽ നാടകം നടന്നത്. മാസങ്ങൾക്ക് മുമ്പേ പഞ്ചായത്തിന്റെയും ജനങ്ങളുടെയും ആവശ്യം അനുസരിച്ച് എൻ കെ അക്ബർ എംഎൽഎ വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർന്ന് ദേശീയപാതാ അതോറിറ്റി അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന് ഏങ്ങണ്ടിയൂർ പൊക്കുളങ്ങര, എത്തായ്, എംഇഎസ് സെന്റർ എന്നിവിടങ്ങളിൽ ഫുട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിന് തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി പരിഹാസ്യരാകുകയായിരുന്നു ബിജെപി അനുകൂല ജീവനക്കാർ. കലുങ്ക് സൗഹൃദം പൊളിയുമെന്ന ആശങ്കയിൽ സ്കൂളിലെ കുട്ടികളെയും പങ്കെടുപ്പിച്ച് ആളെ കൂട്ടാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ. നിവേദനം വാങ്ങിയ സുരേഷ് ഗോപി ഈ ആവശ്യം പഞ്ചായത്തിനെ അറിയിച്ച് നടപടി എടുപ്പിക്കാം എന്ന് പറഞ്ഞ് തലയൂരുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വാടാനപ്പള്ളിയിലെയും ഏങ്ങണ്ടിയൂരിലും ആവശ്യമായ സ്ഥലങ്ങളിലൊക്കെ ഓവർ ബ്രിഡ്ജ് നിർമിക്കാം എന്നും വിജയിച്ചാൽ ക്യാബിനറ്റ് പദവി ഉപയോഗിച്ച് വേണ്ട നടപടി എടുക്കാമെന്നും പറഞ്ഞ് സുരേഷ് ഗോപി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരുന്നു.









0 comments