പകുതിയിലധികവും വനത്തിന് പുറത്ത്
10 വർഷത്തിനിടെ പാന്പുകടിയേറ്റ് മരിച്ചത് 884 പേർ

ജിബിന സാഗരന്‍
Published on Sep 03, 2025, 12:16 AM | 1 min read
തൃശൂര്‍
പത്തുവര്‍ഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 884 പേർ. ഇതില്‍ 595 പേര്‍ക്കും വനത്തിന് പുറത്തുവച്ചാണ് പാമ്പ് കടിയേറ്റതെന്നും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവും നിവാരണവും നയ സമീപന കരട് രേഖയിൽ പറയുന്നു. പ്രതിവര്‍ഷം മൂവായിരത്തിലധികം പേര്‍ക്ക് പാമ്പുകടിയേല്‍ക്കാറുണ്ട്. ഇതില്‍ രണ്ടായിരത്തോളംപേര്‍ തൊഴിലുറപ്പ് തൊഴിലാളികളും കൃഷിപ്പണിക്കാരുമാണ്. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പ് മുഖേന സജീവമായ ഇടപെടല്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ മരണങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2020 ആഗസ്‌തില്‍ തുടക്കമിട്ട സര്‍പ്പയുടെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഇതിന് പ്രധാന കാരണം. പ്രാദേശികമായി ആന്റിവെനം നിര്‍മിക്കാനുള്ള ശ്രമങ്ങളും സര്‍പ്പ ഏറ്റെടുക്കും. പതിനഞ്ച് വര്‍ഷത്തിനിടെ 1114 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് 2014– 15 കാലഘട്ടത്തിലാണ്. 119 പേരാണ് മരിച്ചത്. 2011– 12ല്‍ 84 പേരും 2012– 13ല്‍ 113 പേരും 2013– 14ല്‍ 110 പേരും 2015– 16ല്‍ 88 പേരും 2016– 17ല്‍ 75 പേരും 2017– 18ല്‍ 92 പേരും 2018–19ല്‍ 123 പേരും 2019– 20ല്‍ 71 പേരും മരിച്ചു. 2020– 21 ആയപ്പോഴേക്കും പാമ്പുകടി മരണം ഗണ്യമായി കുറഞ്ഞു. 71 പേരാണ് മരിച്ചത്. 2021– 22ല്‍ 52 പേരും 2022– 23ല്‍ 48 പേരും 2023– 24, 2024– 25 വര്‍ഷങ്ങളില്‍ 34 പേര്‍ വീതവും മരിച്ചു. 2025– 26ല്‍ ഇതുവരെ ആറുപേര്‍ മാത്രമാണ് മരിച്ചത്.









0 comments